![Pope-reiterates-desire-to-visit-Argentina-in-2024](https://i0.wp.com/www.lifeday.in/wp-content/uploads/2023/05/Pope-reiterates-desire-to-visit-Argentina-in-2024.jpg?resize=696%2C435&ssl=1)
ആഗസ്റ്റ് 31 മുതൽ നടക്കാനിരിക്കുന്ന തന്റെ മംഗോളിയൻ യാത്രയ്ക്കായി പ്രാർഥിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഗ്രീസിലെ തീപിടിത്തത്തിലും ഉക്രൈൻ യുദ്ധക്കെടുതികളിലും ക്ലേശമനുഭവിക്കുന്നവരെ നിരന്തരം പ്രാർഥനയിൽ അനുസ്മരിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു. ആഗസ്റ്റ് 27-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പൊതുസദസ്സിൽ വച്ചാണ് മാർപാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.
റഷ്യയുടെയും ചൈനയുടെയും ഇടയിൽ സ്ഥിതിചെയ്യുന്ന മംഗോളിയയിൽ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ മാർപാപ്പ സന്ദർശനം നടത്തും. “എണ്ണത്തിൽ കുറവും ചെറുതുമാണെങ്കിലും സജീവ വിശ്വാസമുള്ള ഒരു സഭയാണ് മംഗോളിയയിലുള്ളത്. ഈ സന്ദർശനത്തിൽ പ്രാർഥനയോടെ അനുഗമിക്കണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു” – മാർപാപ്പ ഓർമ്മപ്പെടുത്തി.
“ഗ്രീസിന്റെ വടക്കുകിഴക്കൻ ഭാഗത്തുണ്ടായ വൻ തീപിടിത്തത്തിൽ ഇരകളായവരോടുള്ള അടുപ്പം ഞാൻ അറിയിക്കുന്നു. യുദ്ധക്കെടുതിയിൽ ക്ലേശിക്കുന്ന ഉക്രേനിയൻ ജനതയോടും ഞാൻ എപ്പോഴും അടുത്തുനിൽക്കുന്നു” – മാർപാപ്പ ഉറപ്പുനൽകി. ആഗസ്റ്റ് 26-ന് മിന്നലാക്രമണത്തെ തുടർന്ന് ഗ്രീസിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരണമടഞ്ഞിരുന്നു.