ഫ്രാൻസിസ് പാപ്പയുടെ ഇടയസന്ദർശനം കർത്താവിന്റെ വിളിക്കുമുന്നിലുള്ള താഴ്മയുടെയും ദൗത്യത്തോടുള്ള വിധേയത്വത്തിന്റെയും പ്രവർത്തിയാണെന്ന് സുവിശേഷവത്ക്കരണത്തിനായുള്ള റോമൻ കൂരിയാ വിഭാഗത്തിന്റെ പ്രോ-പ്രീഫെക്ട് ആയ കർദിനാൾ ലൂയിസ് അന്തോണിയൊ ഗോക്കിം തഗ്ലെ. സെപ്റ്റംബർ രണ്ടു മുതൽ 13 വരെ ഇന്തോനേഷ്യ, തിമോർ, സിംഗപ്പൂർ എന്നീ ഏഷ്യൻ നാടുകളും ഓഷ്യാന രാജ്യമായ പാപുവ ന്യൂ ഗിനിയും സന്ദർശിക്കുന്നതിനെക്കുറിച്ച് ഫ്രാൻസിസ് പാപ്പ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
അജഗണങ്ങളുടെ പക്കലേക്ക് പാപ്പ നടത്തുന്ന യാത്രകൾ സാർവത്രികസഭയ്ക്കു മൊത്തത്തിൽ സുപ്രധാനമാണെന്നും ലോകത്തിൽ സമാധാനം കാംക്ഷിക്കുന്നവർക്കെല്ലാം പ്രിയങ്കരമായിരിക്കുമെന്നും പറഞ്ഞ കർദിനാൾ തഗ്ലെ, ആയാസകരമായ ഈ ദീർഘയാത്രകളെ പാപ്പ ആശ്ലേഷിക്കുന്നത് വിനയത്തിന്റെ ഒരു പ്രവർത്തിയായിട്ടാണെന്നു വിശദീകരിച്ചു. ഈ വർഷം ഡിസംബറിൽ 88 വയസ്സ് തികയുന്ന ഫ്രാൻസിസ് പാപ്പ, ഈ പ്രായത്തിലും ആയാസകരമായ അപ്പസ്തോലിക യാത്രകൾ തുടരുന്നുവെന്നത് എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ പിതൃതുല്യമായ അടുപ്പത്തിന്റെ തെളിവാണെന്ന് കർദിനാൾ താഗ്ലെ പറഞ്ഞു.
സെപ്റ്റംബർ രണ്ടിന് ആരംഭിക്കുന്ന ഈ യാത്ര പാപ്പയുടെ 44-ാമത്തെ അപ്പസ്തോലിക സന്ദർശനമാണ്. സെപ്റ്റംബർ മൂന്നു മുതൽ ആറു വരെ പാപ്പ, മുസ്ലീം ഭൂരിപക്ഷരാജ്യമായ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലായിരിക്കും. ഇവിടെ 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 3.1% മാത്രമാണ് കത്തോലിക്കർ; ഇത് 80 ലക്ഷത്തോളം വരും. ആറാം തീയതി ഇന്തോനേഷ്യയിൽനിന്ന് ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലേക്കു പോകുന്ന പാപ്പ, തലസ്ഥാനമായ പോർട്ട് മോറെസ്ബിയും വാനിമോയും സന്ദർശിക്കും. ഒമ്പതാം തീയതി തെക്കുകിഴക്കെ ഏഷ്യൻ നാടായ കിഴക്കെ തിമോറിന്റെ തലസ്ഥാനമായ ദിലിയിൽ എത്തും. 11-ാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പ അന്ന് സിംഗപ്പൂരിലേക്കു പോകും.
അന്നാട്ടിലെ ജനസംഖ്യയിൽ ഏതാണ്ട് മൂന്നു ശതമാനം മാത്രമാണ് കത്തോലിക്കർ. അതായത് നാലു ലക്ഷത്തോളം. 13-ന് പാപ്പ വത്തിക്കാനിലേക്കു മടങ്ങും.