![holy](https://i0.wp.com/www.lifeday.in/wp-content/uploads/2024/12/holy.jpg?resize=696%2C435&ssl=1)
2025 ജൂബിലി വർഷത്തിന് ആരംഭം കുറിച്ചുകൊണ്ട്, ക്രിസ്തുമസ് രാവിൽ ഫ്രാൻസിസ് മാർപാപ്പ തുറന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ തുറന്ന വിശുദ്ധ വാതിലിലൂടെ ലോകമെമ്പാടും നിന്നുള്ള തീർഥാടകർ കടന്നുപോകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള വിശ്വാസികളാണ് ക്രിസ്തുവിനെ പ്രതീകപ്പെടുത്തുന്ന തുറന്ന വിശുദ്ധ വാതിലിലൂടെ കടന്നുപോകുന്നത്.
ഡിസംബർ 26 ന്, ഫ്രാൻസിസ് മാർപാപ്പ റോമിന്റെ വടക്കുകിഴക്കുള്ള റെബിബിയ ജയിലിൽ രണ്ടാമത്തെ വിശുദ്ധ വാതിൽ തുറന്നു. പാപ്പ ഇതിനകം നിരവധി തവണ സന്ദർശിച്ചിട്ടുള്ള ജയിലാണിത്. 1983 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, തന്നെ വധിക്കാൻ ശ്രമിച്ച മെഹ്‌മെത് അലി അഗസയ്ക്ക് മാപ്പുനൽകിയത് ഈ ജയിലിൽ പോയി സന്ദർശിച്ചാണ്.
മറ്റ് മൂന്ന് പ്രധാന ബസിലിക്കകളുടെ വിശുദ്ധ വാതിലുകൾ തുറക്കുന്നത് മാർപാപ്പയല്ല. പകരം അതാതു സ്ഥലങ്ങളിലെ ആർച്ച്‌പ്രീസ്റ്റുമാർ ആയിരിക്കും അത് നിർവഹിക്കുക. റോം രൂപതയുടെ കത്തീഡ്രലായ ജോൺ ലാറ്ററൻ ബസലിക്കയുടെ വിശുദ്ധ വാതിൽ തുറക്കുന്നത് കർദിനാൾ ബാൽദസാരെ റീന ആയിരിക്കും. 2025 ജനുവരി ഒന്നിന് പോളിഷ് കർദിനാൾ സ്റ്റാനിസ്ലാവ് റൈൽക്കോ മരിയ മേജ്ജോറ ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറക്കും. ജനുവരി അഞ്ചിനായിരിക്കും സെന്റ് പോൾ ബസിലിക്കയുടെ വിശുദ്ധ വാതിൽ കർദിനാൾ ജെയിംസ് മൈക്കൽ ഹാർവി തുറക്കുന്നത്.
2015-2016 കരുണയുടെ ജൂബിലി വർഷത്തിൽ നിന്നും വ്യത്യസ്തമായി ഇത്തവണ റോമിനു പുറത്തുള്ള രൂപതകൾ അവരുടേതായ വിശുദ്ധ വാതിലുകൾ തുറക്കില്ല. എന്നിരുന്നാലും, ലോകമെമ്പാടുമുള്ള കത്തീഡ്രലുകളിൽ പ്രത്യേകിച്ച് ഡിസംബർ 29 ഞായറാഴ്ച, ജൂബിലി വർഷം ഉദ്ഘാടനം ചെയ്തുകൊണ്ട് വിശുദ്ധ കുർബാന അർപ്പിക്കും.