
ദിവ്യകാരുണ്യത്തിനായി സ്വയം സമർപ്പിക്കുന്ന ആദ്യത്തെ രാഷ്ട്രമായി ഫിലിപ്പീൻസ് ചരിത്രം സൃഷ്ടിച്ചു. 2016 ൽ, റുവാണ്ടയിൽ നടന്ന ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള പാൻ-ആഫ്രിക്കൻ കോൺഗ്രസിൽ, ആഫ്രിക്കൻ ബിഷപ്പുമാർ ഭൂഖണ്ഡം മുഴുവൻ ദിവ്യകാരുണ്യത്തിനായി സമർപ്പിച്ചു.
“ഇത് അസാധാരണമാണ്; ഇത് യഥാർഥത്തിൽ അഭൂതപൂർവമാണ്. ലോകചരിത്രത്തിൽ ഇതുപോലൊന്ന് മുമ്പ് സംഭവിച്ചിട്ടില്ല. ദിവ്യകാരുണ്യത്തിനായി സ്വയം സമർപ്പിക്കുന്ന ഒരു രാജ്യം,” ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ (MIC) മരിയൻ ഫാദേഴ്‌സ് വൈദികനായ ഫാ. ജെയിംസ് സെർവാന്റസ് പറഞ്ഞു. 2025 ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 27 ന് രാജ്യത്ത് അർപ്പിക്കപ്പെടുന്ന എല്ലാ ദിവ്യബലികളിലും ദിവ്യകാരുണ്യത്തിനായുള്ള ദേശീയ സമർപ്പണം നടക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഫിലിപ്പീൻസിലെ കാത്തലിക് ബിഷപ്പ് കോൺഫറൻസിന്റെ (സി ബി സി പി ) പെർമനന്റ് കൗൺസിൽ ഔദ്യോഗിക അംഗീകാരം നൽകി.
എല്ലാ രൂപതകളും ഇടവകകളും കത്തോലിക്കാ സ്ഥാപനങ്ങളും ഈ ചരിത്രപരമായ ആത്മീയ സംരംഭത്തിൽ പങ്കാളികളാകണമെന്ന് സി ബി സി പി യുടെ പ്രസിഡന്റ് കർദിനാൾ പാബ്ലോ വിർജിലിയോ ഡേവിഡ് പ്രസ്താവനയിറക്കി. “ഈ ദേശീയ സമർപ്പണം ദിവ്യകാരുണ്യത്തിലുള്ള നമ്മുടെ വിശ്വാസത്തിന്റെ അഗാധമായ പ്രകടനമായിരിക്കും. അനിശ്ചിതത്വത്തിന്റെയും പരീക്ഷണത്തിന്റെയും ഈ കാലഘട്ടത്തിൽ നമ്മുടെ അവസാന ആശ്രയമായി നിലനിൽക്കുന്നത് വിശ്വാസമാണ്. നമ്മുടെ കർത്താവായ യേശു വി.ഫൗസ്റ്റീനയോട് പറഞ്ഞതുപോലെ: ‘എന്റെ കരുണ ആരാധിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, എന്റെ കരുണയിലേക്ക് തിരിയാൻ ഞാൻ മനുഷ്യർക്ക് രക്ഷയുടെ പ്രത്യാശ നൽകുന്നു.’
ലോകമഹായുദ്ധ ഭീഷണി, വ്യാപകമായ അഴിമതി, സത്യത്തിന്റെ ശോഷണം, ജീവിതത്തെയും കുടുംബത്തെയും കുറിച്ചുള്ള സഭയുടെ പഠിപ്പിക്കലുകളോടുള്ള നിരന്തരമായ എതിർപ്പ് എന്നിങ്ങനെ രാജ്യവും ആഗോള സമൂഹവും ഇന്ന് അഭിമുഖീകരിക്കുന്ന ഗുരുതരമായ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, ദേശീയ സമർപ്പണത്തെ “വിശ്വാസത്തിന്റെയും പ്രത്യാശയുടെയും കൂട്ടായ പ്രതികരണം” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.