പാപ്പുവ ന്യൂ ഗിനിയയിലെ ആദ്യ വിശുദ്ധൻ പീറ്റർ റ്റു റോട്ട്

പാപ്പുവ ന്യൂ ഗിനിയയിലെ വാഴ്ത്തപ്പെട്ട പീറ്റർ ടു റോട്ടിന്റെ വിശുദ്ധ പദവിക്ക് മാർപാപ്പ അംഗീകാരം നൽകി. രക്തസാക്ഷിയായ പീറ്റർ ടു റോട്ടിന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാം.

1940 -ൽ ജപ്പാനിലെ സൈന്യം പപ്പുവ ന്യൂ ഗിനിയ പിടിച്ചടക്കി. അവിടെ അവർ ബഹുഭാര്യാത്വം നിയമം മൂലം നടപ്പിലാക്കുവാൻ തീരുമാനിച്ചു. ഇതിനെതിരെ പീറ്റർ റ്റു റോട്ട് എന്ന കാറ്റെക്കിസ്റ്റ് പ്രതിഷേധിച്ചു. കാരണം വിവാഹവും ദാമ്പത്യജീവിതവും ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ മാത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചു, അതിനായി വാദിച്ചു. അതിന് അദ്ദേഹത്തിന് തന്റെ ജീവൻ പോലും നഷ്ടമാക്കേണ്ടി വന്നു.

എന്നാൽ പപ്പുവ ന്യൂഗിനിയയിൽ മതപരമായ എല്ലാ പ്രവർത്തനങ്ങളും സൈന്യം നിരോധിച്ചു. എങ്കിലും പീറ്റർ തന്റെ മുന്നിലുള്ള സമൂഹത്തെ വിശ്വാസത്തിലേക്ക് നയിച്ചു. എന്നാൽ ഇത് ഒരുപാട് നാൾ തുടരാൻ പീറ്ററിനായില്ല. ചാരന്മാർ അവിടെയുമുണ്ടായിരുന്നു. തെളിവ് സഹിതം അവർ പീറ്ററിനെ പിടിച്ച്  വുനയറയിലെ ഒരു കോണ്സെന്ട്രേഷൻ ക്യാമ്പിൽ അദ്ദേഹത്തെ തടവിലാക്കി. പിന്നീട് 1945 ജൂലൈ ഏഴിന് വിഷം കുത്തിവച്ച് അദ്ദേഹത്തെ അവർ കൊലപ്പെടുത്തി. കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിന് 33 വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.

ബഹുഭാര്യാത്വത്തെക്കുറിച്ച് ഭരണകൂടം പഠിപ്പിക്കുമ്പോൾ ക്രൈസ്തവ പഠനങ്ങൾക്കും നിയമങ്ങൾക്കും ഇത് എതിരാണെന്നും അത് എതിർക്കേണ്ടവയാണെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. ദൈവത്തിന്റെ ആത്മാവ് അദ്ദേഹത്തെ ഭയം കൂടാതെ സത്യത്തെ പ്രഘോഷിക്കുവാൻ പ്രാപ്തനാക്കി. സഹനങ്ങളെക്കുറിച്ചുള്ള ഭീതിയോ മരണഭയമോ അദ്ദേഹത്തെ തെല്ലും ഉലച്ചിരുന്നില്ല. ജയിലറയ്ക്കുള്ളിൽ ആയിരുന്നപ്പോൾ പോലും അദ്ദേഹം നിർമ്മലനും സന്തോഷഭരിതനുമായിരുന്നു. വിശ്വാസത്തിനുവേണ്ടി മരിക്കാൻ താൻ തയ്യാറാണെന്ന് അദ്ദേഹം സഹതടവുകാരോട് പറഞ്ഞിരുന്നു.

തന്റെ ഭാര്യ പൗലയെ അഗാധമായ സ്നേഹത്തോടെയും ബഹുമാനത്തോടെയുമായിരുന്നു അദ്ദേഹം കണ്ടിരുന്നത്. എല്ലാ ദിവസവും രാവിലെയും വൈകിട്ടും അദ്ദേഹം തന്റെ കുടുംബത്തിനു വേണ്ടി പ്രാർഥിച്ചു. തന്റെ കുഞ്ഞുങ്ങളുടെ കൂടെ പരമാവധി സമയം ചിലവഴിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കുടുംബങ്ങൾ നന്നായിരുന്നാൽ നാടും നന്നാകും എന്നായിരുന്നു അദ്ദേഹം എല്ലായ്‌പ്പോഴും പറഞ്ഞിരുന്നത്.

കുടുംബജീവിതത്തിനായി നമ്മുടെ വിശ്വാസത്തെ മുറുകെപ്പിടിക്കണം. 1995 ജനുവരി 17 -ന് ജോൺപോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

കുടുംബജീവിതക്കാർക്കും കാറ്റക്കിസ്റ്റുകൾക്കും മാതൃകയാണ് വാഴ്ത്തപ്പെട്ട പീറ്റർ റ്റു റോട്ടിന്റെ ജീവിതം. 2008 -ലെ അന്താരാഷ്ട്ര യുവജനദിനത്തിന് പീറ്റർ റ്റു റോട്ടിനെയായിരുന്നു രക്ഷാധികാരിയായി തിരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.