
ബുർക്കിന ഫാസോയിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾ യഥാർഥത്തിൽ ക്രിസ്തുവുമായുള്ള ബന്ധത്തിൽ കൂടുതൽ ആഴപ്പെടുന്നുവെന്ന് മിഷനറി ഫീൽഡ് ബ്രദേഴ്സിന്റെ പ്രയോർ ജനറൽ ഫാ. പിയറി റൗംബ പങ്കുവച്ചു. അന്താരാഷ്ട്ര കത്തോലിക്കാ പാസ്റ്ററൽ എയ്ഡ് ഓർഗനൈസേഷനായ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം വ്യക്തമാക്കിയത്.
രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായി സങ്കീർണ്ണമായ പശ്ചാത്തലം നിലനിൽക്കുന്ന ബുർക്കിന ഫാസോയിൽ മിഷനറി ഫീൽഡ് ബ്രദേഴ്സിന്റെ പ്രാദേശിക ആസ്ഥാനഭവനമുണ്ട്. “നമ്മുടെ ഭവനങ്ങൾ മാലി, ടോഗോ, ബെനിൻ എന്നിവിടങ്ങളിൽ അരക്ഷിതാവസ്ഥയിലാണ്. അവിടെയുള്ള ക്രിസ്ത്യാനികൾ കഷ്ടപ്പെടുന്നു. 2022-ൽ ലോകത്ത് ക്രിസ്ത്യാനികൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്ന രാജ്യം ബുർക്കിന ഫാസോ ആയിരുന്നു. അൽ-ഖ്വയ്ദയുടെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും അക്രമണങ്ങൾ ഇവിടെയുള്ള ക്രൈസ്തവർ ദിനംപ്രതി നേരിടുന്നു” – ഫാ. റൗംബ വെളിപ്പെടുത്തി.
“നിർബന്ധിത മതപരിവർത്തനം നടക്കുന്ന ബുർക്കിന ഫാസോയിൽ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിക്കുന്ന ക്രൈസ്തവരുടെ സമ്പത്ത് ഭീകരർ പിടിച്ചെടുക്കുകയും മതംമാറ്റാനും ഗ്രാമങ്ങൾ വിട്ടുപോകാനും നിർബന്ധിക്കുകയും ചെയ്യുന്നു. റോഡുകൾ തടസ്സപ്പെട്ടിരിക്കുന്നതിനാൽ അവശ്യസാധനങ്ങൾ പോലുമില്ലാതെ വനത്തിൽ കഴിയേണ്ടിവരുന്നവരും ഏറെയാണ്. ഭക്ഷണമോ, പരിചരണമോ ഇല്ലാതെ അനേകം ക്രൈസ്തവർ മരണമടയുന്നു” – ഫാ. റൗംബ കൂട്ടിച്ചേർത്തു.