![holy](https://i0.wp.com/www.lifeday.in/wp-content/uploads/2025/01/holy.jpg?resize=696%2C435&ssl=1)
ജൂബിലി വർഷത്തിൽ വിശുദ്ധ വാതിലിലൂടെ കടന്നുപോകുന്നത് ഒരു മാന്ത്രികപ്രവർത്തിയല്ല മറിച്ച്, ഒരു ക്രിസ്ത്യൻ പ്രതീകമാണെന്ന് മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ പബ്ലിക് സെക്യൂരിറ്റി ഇൻസ്‌പെക്‌ടറേറ്റിലെ നേതാക്കളോടും ജീവനക്കാരോടുമൊപ്പം നടന്ന ഒരു സദസ്സിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
“ജൂബിലി വർഷത്തിൽ നമ്മുടെ കൂടെ ഒരു തീർഥാടകനായി മാറുന്ന നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിലേക്ക് നമ്മുടെ നോട്ടം തിരിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്” പരിശുദ്ധ പിതാവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വത്തിക്കാൻ സിറ്റിയിലെ സുരക്ഷാപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള ചുമതലയുള്ളവരെ കുടുംബത്തോടൊപ്പം ജൂബിലിയിൽ പങ്കെടുക്കാൻ പാപ്പ ക്ഷണിച്ചു.
“വിശുദ്ധ വാതിലിലൂടെ പോകുന്നത് ഒരു മാന്ത്രികപ്രവർത്തിയല്ല. ഇതൊരു ക്രിസ്ത്യൻ പ്രതീകമാണ്. യേശു തന്നെ പറയുന്നു: “ഞാൻ വാതിൽ ആകുന്നു” (യോഹ.10:7) വീണ്ടും ആരംഭിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന ഒരു അടയാളം. എപ്പോഴും ഒരുപടി മുന്നോട്ടുവയ്ക്കാനും സ്വയം നവീകരിക്കാനും ദൈവത്താൽ സ്വയം കണ്ടെത്താനുമുള്ള ആഗ്രഹവും ഉണ്ടാകണം. വിശ്വാസത്തിന്റെ കൃപ തനിക്കുണ്ടെന്ന് തിരിച്ചറിയാത്തവർ ഈ ജൂബിലി വർഷം പ്രയോജനപ്പെടുത്തി മുന്നോട്ട് പോകണം”- പാപ്പ ഓർമപ്പെടുത്തി.
തന്റെയും സഹകാരികളുടെയും വത്തിക്കാൻ പ്രദേശത്തെ എല്ലാ തീർഥാടകരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അർപ്പണബോധത്തോടും പ്രൊഫഷണലിസത്തോടും ഔദാര്യത്തോടും കൂടി നടത്തി വരുന്ന സെക്യൂരിറ്റി ഇൻസ്‌പെക്‌ടറേറ്റിലെ ജീവനക്കാരുടെ പ്രവർത്തനത്തിന് ഫ്രാൻസിസ് മാർപാപ്പ നന്ദി പറഞ്ഞു.