ഉക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് രണ്ടര വർഷത്തിലേറെയായി. അധിനിവേശ പ്രദേശങ്ങളിലെ പകുതിയിലധികം ഇടവകകളും സഭയ്ക്ക് നഷ്ടപ്പെട്ടതായി ഡൊനെറ്റ്സ്ക് എക്സാർക്കേറ്റിന്റെ പുതിയ ഗ്രീക്ക് കത്തോലിക്ക ബിഷപ്പ് മാക്സിം റിയാബുഖ വെളിപ്പെടുത്തി. 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതുമുതൽ സ്ഥിതി കൂടുതൽ ആശങ്കാജനകമാണ്.
“നമ്മുടെ ഇടവകകളിൽ പകുതിയിലധികം നമുക്ക് ഇതിനകം നഷ്ടപ്പെട്ടു. റഷ്യൻ സൈന്യം മുന്നേറുന്നതോടെ ഡസൻകണക്കിനു പള്ളികൾ ഒഴിപ്പിക്കപ്പെട്ടു. യുദ്ധത്താൽ രൂപത വിഭജിക്കപ്പെട്ടു” – അദ്ദേഹം കൂട്ടിച്ചേർത്തു. ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, റഷ്യൻസൈന്യം പിടിച്ചെടുത്ത പ്രദേശങ്ങളായ പോക്രോവ്സ്ക്, മിർനോഹ്രാദ്, കോസ്റ്റിയാന്റിനിവ്ക പള്ളികളിൽ ഫർണിച്ചറുകളോ, വിശുദ്ധവസ്തുക്കളോ ഇനി അവശേഷിക്കുന്നില്ല.
“എന്നാൽ, ഇവിടെയുള്ള പുരോഹിതന്മാർ വിശ്വാസികളോടു ചേർന്നുനിൽക്കുകയും വീടുവിട്ടുപോയ അഭയാർഥികളെ സന്ദർശിക്കുകയും ചെയ്യുന്നു. സഭയുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ വേദനയുണ്ട്. ഞാൻ ഇപ്പോൾ വേദനയുടെയും അനീതിയുടെയും നിസ്സഹായതയുടെയും ഒരു കാലത്തെ ബിഷപ്പാണ്” – ബിഷപ്പ് പറയുന്നു.
റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ, കത്തോലിക്കരെന്ന് പരസ്യമായി വെളിപ്പെടുത്താൻ പലരും ഭയപ്പെടുന്നു. ചിലർ വെടിയേറ്റു മരിക്കുന്നു, മറ്റുള്ളവരെ തടവിലാക്കുന്നു. സ്വതന്ത്രമായി വിശ്വാസം പ്രകടിപ്പിക്കാൻ അവകാശമില്ല. “ഞങ്ങൾ ചെറുത്തുനിൽക്കുന്നു. പക്ഷേ, അതൊരു ജയിലിൽ അടച്ചിരിക്കുന്നതുപോലെയാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു.