പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ കഴിഞ്ഞ ആഗസ്റ്റ് 16-ന് ക്രൈസ്തവർക്കുനേരെ ഉണ്ടായ അതിക്രമങ്ങളിൽപെട്ട കുടുംബങ്ങളിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി, ലാഹോർ ആർച്ചുബിഷപ്പ്, വിവിധ മുസ്ലിം നേതാക്കൾ എന്നിവർ സന്ദർശനം നടത്തി. ഇരകളായവർക്ക് സർക്കാരിന്റെ പേരിലുള്ള ഐക്യദാർഢ്യം പ്രകടമാക്കിയ പ്രധാനമന്ത്രി, പാക്കിസ്ഥാന്റെ നിർമ്മാണത്തിൽ ക്രൈസ്തവസമൂഹം പ്രധാനപ്പെട്ട ഒരു പങ്കുവഹിച്ചിട്ടുണ്ടെന്ന് അനുസ്മരിച്ചു.
ക്രൈസ്തവസമൂഹം പാക്കിസ്ഥാന്റെ ഭാഗമാണെന്നും ന്യൂനപക്ഷസമൂഹങ്ങളെ സംരക്ഷിക്കേണ്ടത് ഓരോ ഇസ്ലാം മതവിശ്വാസികളുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവസ്ഥലത്ത് നിരവധി കത്തോലിക്കാ മെത്രാന്മാരും കഴിഞ്ഞ ദിവസങ്ങളിലെത്തിയിരുന്നു. ലാഹോർ ആർച്ചുബിഷപ്പ് സെബാസ്റ്റ്യൻ ഷോ കഴിഞ്ഞ ദിവസം പ്രദേശത്തെ, ഇസ്ലാം മതവിശ്വാസികളുടെ അക്രമങ്ങൾക്കിരകളായ കത്തോലിക്കരെ സന്ദർശിക്കുകയും അവർക്കൊപ്പം പ്രാർഥിക്കുകയും ചെയ്തു. ഏതാനും മുസ്ലിംനേതാക്കളും അദ്ദേഹത്തിനൊപ്പമെത്തിയിരുന്നു.
മുൻപ്, ഫൈസലാബാദ് രൂപതാധ്യക്ഷൻ അഭിവന്ദ്യ ഇന്ദ്രിയാസ് റഹ്മത് ഇവിടെയെത്തി ആളുകളെ സന്ദർശിക്കുകയും വിശുദ്ധ ബലിയർപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം പാക്കിസ്ഥാൻ മെത്രാൻസമിതിയുടെ നീതിക്കും സമാധാനത്തിനുമായുള്ള കമ്മീഷൻ അധ്യക്ഷൻ ബിഷപ്പ് ജോസഫ് അർഷാദും കുടിയിറക്കപ്പെട്ട ആളുകളെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.
ജരൻവാലായിൽ ഭയാനകമായ കാഴ്ചയാണെന്നും എല്ലാം നഷ്ടപ്പെട്ട അവിടുത്തെ ആളുകൾ നിരാശരാണെന്നും ലാഹോർ അതിരൂപതാധ്യക്ഷൻ പറഞ്ഞു. എന്നാൽ അവർക്ക് കാരിത്താസ് സംഘടനയുടെ സഹകരണത്തോടെ സഹായമെത്തിക്കുമെന്നും ഈ കഷ്ടപ്പെടിന്റെ നാളുകളിൽ അവർ ഒറ്റയ്ക്കല്ലെന്നും ക്രിസ്തുവും തങ്ങളും അവരോടൊപ്പമുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫീദെസ് വാർത്താ ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ആഗസ്റ്റ് 22-ന് റിപ്പോർട്ട് ചെയ്തത്.