അമേരിക്കൻ കത്തോലിക്കരിൽ മൂന്നിലൊന്ന് പേരും കുടിയേറ്റക്കാരാണെന്ന് പഠനം

പ്യൂ റിസർച്ച് സെന്റർ (പി ആർ സി) നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നത്, അമേരിക്കയിലെ കത്തോലിക്കരിൽ, 29% കുടിയേറ്റക്കാരും 14% കുടിയേറ്റക്കാരുടെ മക്കളുമാണെന്നാണ്. കത്തോലിക്കാ ജനസംഖ്യയുടെ വളർച്ചയിൽ കുടിയേറ്റം ചെലുത്തിയ സ്വാധീനം വെളിപ്പെടുത്തുന്നതാണ് പുതിയ പഠനങ്ങൾ.

മാർച്ച് നാലിന് പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട്, 2023 ജൂലൈ 17 മുതൽ 2024 മാർച്ച് നാലുവരെ 36,908 പേർ പങ്കെടുത്ത അമേരിക്കയിലെ മുതിർന്നവരുടെ മതപരമായ ലാൻഡ്‌സ്കേപ്പ് പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, അമേരിക്കയിലെ 340 ദശലക്ഷം നിവാസികളുണ്ട്. അതിൽ ഏകദേശം 62 ദശലക്ഷം പേർ കത്തോലിക്കരാണ്. ഇത് ജനസംഖ്യയുടെ 18% ൽ അല്പം കൂടുതലാണ്. കത്തോലിക്കാ ജനസംഖ്യയിൽ, 54% വെള്ളക്കാരും 36% ഹിസ്പാനിക് വംശജരും 4% ഏഷ്യക്കാരും 2% കറുത്തവരുമാണെന്ന് പി ആർ സി പഠനം സൂചിപ്പിക്കുന്നു. ഹിസ്പാനിക് കത്തോലിക്കരിൽ, 2013 നെ അപേക്ഷിച്ച് 3% വർധനവും 2007 നെ അപേക്ഷിച്ച് 7% വർധനവും ഉണ്ടായിട്ടുണ്ട്. ഹിസ്പാനിക് കത്തോലിക്കരിൽ 58% അമേരിക്കയ്ക്ക് പുറത്ത് ജനിച്ചവരാണെന്നും 22% പേർ രാജ്യത്തിനുള്ളിൽ കുറഞ്ഞത് ഒരു കുടിയേറ്റ രക്ഷിതാവിന് ജനിച്ചവരാണെന്നും പഠനം സൂചിപ്പിക്കുന്നു.

“ഇതിനു വിപരീതമായി, വെളുത്ത വംശജരായ കത്തോലിക്കരിൽ 83% പേരും മൂന്നോ അതിലധികമോ തലമുറകളായി അമേരിക്കയിൽ താമസിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ്” – പി ആർ സി പറയുന്നു. ട്രംപ് ഭരണകൂടം രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തൽ ആരംഭിച്ച് ആഴ്ചകൾക്കുശേഷം പ്യൂ റിസർച്ച് സെന്റർ അതിന്റെ പഠനം പ്രസിദ്ധീകരിച്ചു. 2024 ലെ പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട് അനുസരിച്ച്, 11 ദശലക്ഷം രേഖകളില്ലാത്ത കുടിയേറ്റക്കാരിൽ 70% പ്രതിനിധീകരിക്കുന്ന ലാറ്റിൻ അമേരിക്കൻ കുടിയേറ്റക്കാരെയാണ് ഈ നയം പ്രധാനമായും ബാധിക്കുക.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.