വിശുദ്ധനാട്ടിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന നിയോഗത്തോടെ ലോകമെമ്പാടുമുള്ള കുട്ടികൾ പങ്കെടുത്ത ജപമാലയജ്ഞം വിജയകരമായി നടന്നു. “എപ്പോൾ പത്തുലക്ഷം കുട്ടികൾ ജപമാല ചൊല്ലുന്നുവോ അപ്പോൾ ലോകം മാറും” എന്ന, വി. പാദ്രെ പിയോയുടെ വാക്കുകളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് പൊന്തിഫിക്കൽ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ആണ് വൺ മില്യൻ ചിൽഡ്രൻ പ്രേയിംഗ് ദി റോസറി എന്ന പ്രാർഥനായജ്‌ഞം എല്ലാവർഷവും നടത്തുന്നത്.
ഒക്ടോബർ 18 -നു സംഘടിപ്പിച്ച ജപമാല സമർപ്പണത്തിൽ ലോകമെമ്പാടും 9,98,000 -ഓളം കുട്ടികളാണ് പങ്കെടുത്തത്. ഫിലിപ്പീൻസിൽ നിന്നുമാത്രം ഏതാണ്ട് 90,000 -ത്തിലധികം കുട്ടികളാണ് പ്രാർഥനയ്ക്കായി ഒത്തുചേർന്നത്. സ്ലോവാക്യയിൽ നിന്ന് 86,000 കുട്ടികളും, യു.കെയിൽ നിന്ന് 46,000 കുട്ടികളും, ഇന്ത്യയിൽ നിന്ന് 14,000 കുട്ടികളും, ഓസ്ട്രേലിയയിൽ നിന്ന് 12,000 കുട്ടികളും, അർജന്റീനയിൽ നിന്ന് 8,000 കുട്ടികളുമടക്കം വിവിധ രാജ്യങ്ങളിൽനിന്ന് ലക്ഷക്കണക്കിനു കുട്ടികളാണ് ജപമാല പ്രാർഥനയിൽ പങ്കെടുത്തത്.
ബ്രസീലിലെ കത്തീഡ്രൽ ഓഫ് മരിങ്ങായിൽ ഏതാണ്ട് ആയിരത്തിലധികം കുട്ടികൾ ഒത്തുകൂടി ജപമാല ചൊല്ലി. ഫാത്തിമ മാതാവിന്റെ സന്നിധിയിലായിരുന്നുകൊണ്ടാണ് പോർച്ചുഗലിലെ കുട്ടികൾ ജപമാല പ്രാർഥനയിൽ പങ്കെടുത്തത്. ക്രൈസ്തവർ നിരന്തരം പീഡനത്തിനിരയായികൊണ്ടിരിക്കുന്ന നിക്കരാഗ്വേ, നൈജീരിയ, ഖത്തർ, ഇറാൻ, പാക്കിസ്ഥാൻ, വിയറ്റ്നാം പോലെയുള്ള രാഷ്ട്രങ്ങളിൽനിന്നുള്ള കുട്ടികളും ജപമാല പ്രാർഥനയിൽ പങ്കെടുത്തു.
2005 -ൽ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലാണ് കുട്ടികളുടെ ജപമാല കാമ്പയിൻ ആരംഭിച്ചത്. അതിനുശേഷം, ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും കാമ്പെയ്‌ൻ വ്യാപിച്ചു. എല്ലാ വർഷവും ഇതിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. ‘ജപമാല പ്രാർഥിക്കുന്ന ഒരു ദശലക്ഷം കുട്ടികൾ’ എന്ന സംരംഭത്തിന് ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ച് അംഗീകാരം നൽകുകയും കുട്ടികളെ അതിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.