പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടുപോകലും നിർബന്ധിത വിവാഹവും തുടരുന്നു; പ്രാണരക്ഷാർഥം ഒളിവിൽപോയി ക്രൈസ്തവകുടുംബം

പാക്കിസ്ഥാനിൽ, ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയും നിർബന്ധിത മതംമാറ്റത്തിലൂടെ വിവാഹം കഴിക്കുന്നതും തുടരുമ്പോൾ പ്രാണരക്ഷാർഥം ഒളിവിൽപോയിരിക്കുകയാണ് ഒരു ക്രൈസ്തവകുടുംബം. മഷീൽ റഷീദ് എന്ന പതിനാറുകാരി പെൺകുട്ടിയുടെ കുടുംബമാണ് ഇത്തരത്തിൽ  ഒളിവിൽപോയിരിക്കുന്നത്.

ഒരിക്കൽ, ഇസ്ളാം മതവിശ്വാസിയായ അബ്ദുൾ സത്താർ എന്ന വ്യക്തി തട്ടിക്കൊണ്ടുപോകുകയും നിർബന്ധിത മതംമാറ്റം നടത്തി വിവാഹം കഴിക്കുകയും ചെയ്ത ഈ പെൺകുട്ടി അവരുടെ ഇടയിൽനിന്നും രക്ഷപെട്ട് സ്വഭവനത്തിൽ എത്തിയതായിരുന്നു. എന്നാൽ, വീണ്ടും ഭീഷണി ഉയർന്നതിനെ തുടർന്നാണ് ഇപ്പോൾ ഈ കുടുംബം ഒളിവിൽപോയിരിക്കുന്നത്.

റഷീദ് മസിഹ് എന്ന വ്യക്തിയുടെ ഇളയമകളാണ് മഷീൽ. ലാഹോർ, ഫിസലാബാദ് നഗരങ്ങളുടെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന 10,000 -ഓളം താമസക്കാരുള്ള ഒകാര നഗരത്തിലെ ഏക ക്രിസ്ത്യൻകുടുംബത്തിന്റെ ഭാഗമാണ് ഈ പെൺകുട്ടി. ചുറ്റുമുള്ള മുസ്ലീങ്ങൾ ഇവരുടെ കുടുംബത്തെ നിരന്തരം ആക്രമിച്ചിരുന്നു. പ്രദേശവാസികൾ ഇവരുടെ ഭവനം വികൃതമാക്കുകയും സ്വകാര്യവസ്തുക്കൾ മോഷ്ടിക്കുകയും ചെയ്തതോടെ ഇവർ പരാതിയുമായി പോലീസിനെ സമീപിച്ചു. ഇതിൽ വൈരാഗ്യംപൂണ്ട അവർ അടുത്ത വർഷം അതായത്, 2022 ഒക്ടോബർ 25 -ന് മഷീലിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പെൺകുട്ടി സ്‌കൂളിൽ പോകാൻ തയാറെടുക്കുന്നതിനിടെയാണ് അക്രമികൾ വീട്ടിൽ അതിക്രമിച്ചുകയറി റഷീദിനെ, ബോധരഹിതനാകുംവരെ മർദിക്കുകയും മഷീലിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയും ചെയ്തത്.

അവരുടെ തടവിലായിരുന്ന സമയത്ത് മഷീലിന് അവർ മയക്കുമരുന്ന് നൽകുകയും ശാരീരികവും ലൈംഗികവുമായ പീഡനത്തിന് വിധേയയാക്കുകയും ചെയ്തു. പീഡനത്തിന്റെ അടയാളങ്ങൾ അവളുടെ കൈകളിൽ വ്യക്തമായി കാണാം. ഇതിനിടയിൽ മഷീലിനെ മതംമാറ്റുകയും അബ്ദുൾ സത്താർ വിവാഹം കഴിക്കുകയും ചെയ്തു. പരാതികൾ ലഭിച്ചതിനെതുടർന്ന് അവൾ രക്ഷപെട്ട് വീട്ടിലേക്ക്  എത്തുകയായിരുന്നു. എന്നാൽ പെൺകുട്ടിക്ക് നീതി ലഭിക്കുംവിധമുള്ള നടപടികൾ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്ന് കുടുംബം വെളിപ്പെടുത്തുന്നു.

രക്ഷപെട്ടെത്തിയ പെൺകുട്ടി മർദനമേറ്റ് സംസാരിക്കാൻ കഴിയാത്ത നിലയിലായിരുന്നു. ഇനിയും സ്വന്തം വീട്ടിൽ നിന്നാൽ, അവളെ ബലമായി വിവാഹം കഴിച്ച വ്യക്തിയുടെ പക്കലേക്ക് മടക്കിക്കൊണ്ടുപോകുമെന്ന ഭീതിയിൽ പത്തുദിവസം മുമ്പ് ഈ കുടുംബം പ്രാണരക്ഷാർഥം ഒകാര വിട്ട് ഒളിവിൽ പോകുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.