116-ാം വയസ്സിൽ ജപ്പാനിൽ നിന്നുള്ള തൊമിക്കോ ഇതൂക്ക എന്ന മുത്തശ്ശി മരണമടഞ്ഞതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയായി ബ്രസീലിൽ നിന്നുള്ള സിസ്റ്റർ ഇനാ കാനബറോ മാറി. ലോകമെമ്പാടുമുള്ള ഏറ്റവും പ്രായം കൂടിയ ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്ന ലോംഗെവിക്വസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ സന്യാസിനിയെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ സംഘടന ചിത്രീകരിച്ച ഒരു വീഡിയോയിൽ എപ്പോഴും പുഞ്ചിരിക്കുന്ന സന്യാസിയുടെ ദൃശ്യങ്ങൾ കാണാം. പൂക്കൾ ഒരുക്കുന്നതിന് സഹസന്യാസിനിമാരെ സഹായിക്കുകയും തമാശകൾ പറയുകയും പ്രാർഥിക്കുകയും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്യുന്ന സന്യാസിനിയുടെ ദൃശ്യങ്ങൾ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തന്റെ ദീർഘായുസിന്റെ രഹസ്യത്തെക്കുറിച്ച് ഈ സന്യാസി പങ്കുവയ്ക്കുന്നത് ഇപ്രകാരമാണ്: “എന്റെ കത്തോലിക്കാ വിശ്വാസം, അതാണ് എന്നെ ഇന്നോളം മുന്നോട്ടുനയിക്കുന്നത്.” “ഞാൻ ചെറുപ്പമാണ്. സുന്ദരിയും സൗഹാർദത്തോടെ ഇടപെടുന്നവളുമാണ്. നിങ്ങൾക്കും വളരെ നല്ലതും മികച്ചതുമായ ഗുണങ്ങളുണ്ട്” – തെക്കൻ ബ്രസീലിയൻ നഗരമായ പോർട്ടോ അലെഗ്രെയിലെ വിരമിക്കൽ വീട്ടിലേക്കുള്ള സന്ദർശകരോട് ടെറീസിയൻ കന്യാസ്ത്രീ പറയുമ്പോൾ സന്ദർശകരിലും ചിരിയുണരുന്നു.
1908 ജൂൺ എട്ടിന് തെക്കൻ ബ്രസീലിലെ ഒരു വലിയ കുടുംബത്തിലാണ് കാനബറോ ജനിച്ചത്. കൗമാരപ്രായത്തിൽതന്നെ സന്യാസം സ്വീകരിച്ച ഈ സിസ്റ്റർ ഉറുഗ്വേയിലെ മോണ്ടെവിഡിയോയിൽ രണ്ടുവർഷം ചെലവഴിക്കുകയും റിയോ ഡി ജനീറോയിലേക്കു മാറുകയും ഒടുവിൽ സ്വന്തം സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. അധ്യാപികയായി ശുശ്രൂഷ ചെയ്ത ഈ സന്യാസിനിക്ക് അനേകം ശിഷ്യഗണങ്ങൾ ഉണ്ടായിരുന്നു. തന്നെയുമല്ല, ഉറുഗ്വേയ്ക്കും ബ്രസീലിനുമിടയിൽ അതിർത്തിപ്രദേശത്ത് സ്‌കൂളുകൾ സ്ഥാപിക്കാനും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനും ഈ സന്യാസിനിക്കു കഴിഞ്ഞു.
അവരുടെ 110-ാം ജന്മദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ ഈ സന്യാസിനിയെ ആദരിച്ചിരുന്നു. 2023 ൽ 118-ാം വയസ്സിൽ മരിക്കുന്നതുവരെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന ലൂസിൽ റാൻഡനുശേഷം രേഖപ്പെടുത്തപ്പെട്ട ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ സന്യാസിനിയാണ് അവർ.