ക്രിസ്തു കൂടെയുള്ളപ്പോൾ ഒന്നിനും നമ്മെ തോൽപിക്കാൻ കഴിയില്ലെന്ന് ഗാസയിൽ സന്ദർശനം നടത്തുന്ന ജറുസലേം പാത്രിയർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. ഡിസംബർ 22 ന് ഗാസയിലെ ഹോളി ഫാമിലി ദൈവാലയത്തിൽ കർദിനാൾ നടത്തിയ വിശുദ്ധ കുർബാനമധ്യേ, യുദ്ധത്തിന്റെ ഇരുട്ടിൽ ഒരു വെളിച്ചമാകാൻ ക്രൈസ്തവരെ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
യുദ്ധത്തിന്റെ തുടക്കം മുതൽ ഗാസയിലെ ഏക കത്തോലിക്കാ ദൈവാലയമായ ഹോളി ഫാമിലി ഇടവകയിൽ അഭയം പ്രാപിച്ച 400 ഓളം ക്രൈസ്തവർക്ക്, ഇസ്രായേലി അധികാരികളുടെ സമ്മർദം വകവയ്ക്കാതെ ക്രിസ്തുമസ് ആശംസിക്കാൻ ജറുസലേം പാത്രിയാർക്കീസ് ഗാസയിൽ പ്രവേശിച്ചു. “ഈ യുദ്ധം എപ്പോൾ അല്ലെങ്കിൽ എങ്ങനെ അവസാനിക്കുമെന്ന് എനിക്കറിയില്ല. താമസിയാതെ യുദ്ധം അവസാനിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഞങ്ങൾ ഒരിക്കലും നിങ്ങളെ കൈവിടില്ല. നിങ്ങളെ പിന്തുണയ്ക്കാനും സഹായിക്കാനും സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും” – കർദിനാൾ പറഞ്ഞു.
ഗാസ സന്ദർശനത്തിനുശേഷം, ക്രിസ്തുമസ് രാത്രിയിൽ പാത്രിയർക്കീസ് ബെത്‌ലഹേമിലേക്കും സന്ദർശനം നടത്തും. അവിടെയും പീഡിപ്പിക്കപ്പെടുന്ന ഒരു ക്രൈസ്തവസമൂഹമാണ് കർദിനാൾ സന്ദർശിക്കുന്നത്. കൂടാതെ, സെന്റ് കാതറിൻ ദൈവാലയത്തിൽ അദ്ദേഹം പാതിരാക്കുർബാന അർപ്പിക്കും.