സിനഡാലിറ്റിയെക്കുറിച്ചുള്ള പതിനാറാമത് മെത്രാൻ സിനഡ് ഒക്ടോബർ 27 ന് വത്തിക്കാനിലെ വി. പത്രോസിന്റെ ദൈവാലയത്തിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെ സമാപിച്ചു.
കഴിഞ്ഞ മൂന്നു വർഷങ്ങളായി തുടർന്നുവന്ന സിനഡിലെ അന്തിമരേഖയുടെ ശ്രദ്ധേയമായ വിഷയങ്ങൾ ചുവടെ ചേർക്കുന്നു.
മുൻ സിനഡുകളിൽനിന്ന് നിരവധി വ്യത്യസ്തതകൾ ഉൾക്കൊള്ളുന്ന ഈ സമ്മേളനത്തിന്റെ നിഗമനങ്ങൾ എളുപ്പത്തിൽ നടപ്പിലാക്കുന്നതിന് അനുകൂലമായ സിനഡിന്റെ അന്തിമരേഖ ഒക്ടോബർ 26 ന് മാർപാപ്പ അംഗീകരിച്ചു. സിനഡിൽ സന്നിഹിതരായിരുന്ന 355 അംഗങ്ങൾ അംഗീകരിച്ച 52 പേജുള്ള ഈ രേഖയിലെ പ്രധാന വിഷയങ്ങളെ നോക്കിക്കാണാം.
വനിതാ നേതൃത്വം
തിരുസഭയിൽ നേതൃത്വപരമായ റോളുകൾ ഏറ്റെടുക്കുന്നതിൽ സ്ത്രീകൾക്ക് ഒരു തടസ്സവുമില്ല എന്ന് രേഖ വ്യക്തമായി പ്രസ്താവിക്കുന്നു.
അൽമായ പങ്കാളിത്തം
സഭയുടെ ഭരണത്തിൽ അൽമായ വിശ്വാസികളുടെ പങ്കിന് രേഖയിൽ കൂടുതൽ പ്രാധാന്യം നൽകുന്നു. സിനഡൽ അസംബ്ലികളിലും സഭാപരമായ തീരുമാനങ്ങളെടുക്കുന്ന അവസരങ്ങളിലും അൽമായസാന്നിധ്യം ഉറപ്പുവരുത്തണം. കൂടാതെ, ബിഷപ്പുമാരെ തെരഞ്ഞെടുക്കുന്നതിലും കാനോനികപരമായ കാര്യങ്ങളിലും അൽമായപങ്കാളിത്തം വേണമെന്ന് സിനഡിൽ നിർദേശിക്കുന്നു.
ഘടനാപരമായ പരിഷ്കാരങ്ങൾ
ഇടവകതലത്തിലും രൂപതാതലത്തിലും പാസ്റ്ററൽ കൗൺസിലുകൾ ശക്തിപ്പെടുത്തുന്നതിനുള്ള ആഹ്വാനമാണ് ഘടനാപരമായ പരിഷ്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട നിർദേശങ്ങളിലൊന്ന്.
പ്രയോഗികമാക്കുന്ന ഘട്ടം
സിനഡൽ പാത ‘പൂർത്തിയായി’ എന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിക്കുമ്പോൾ, നിർണ്ണായകമായ ഒരു നിർവഹണഘട്ടമാണ് മുന്നിലുള്ളതെന്ന് ഈ രേഖയിൽ ഊന്നിപ്പറയുന്നു. ഈ അടുത്ത ഘട്ടം ‘സഭയുടെ ഘടനാപരമായ മാനം’ ആയി സിനഡാലിറ്റിയെ സമന്വയിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മെച്ചപ്പെടുത്തിയ സാമ്പത്തിക സുതാര്യതയ്ക്കും ദുരുപയോഗം തടയുന്നതിനുള്ള പ്രോട്ടോക്കോളുകൾക്കും ഈ രേഖയിലൂടെ ആഹ്വാനം ചെയ്യുന്നു.
സിനഡ് പ്രക്രിയയിൽ ഏറ്റവും ശക്തമായും എല്ലാ ഭാഗത്തുനിന്നും ഉയർന്നുവന്ന അഭ്യർഥനകളിലൊന്ന്, പരിശീലനം (FORMATION) പരസ്പരസഹകരണത്തോടെ നടത്തണം എന്നുളളതാണ്. പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യം തേടിക്കൊണ്ടാണ് രേഖ ഉപസംഹരിക്കുന്നത്.