യൂറോപ്യൻ പാർലമെന്റ് മനുഷ്യാവകാശ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട് നിക്കരാഗ്വൻ ബിഷപ്പ് അൽവാരസ്

മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും അസാധാരണമായി സംരക്ഷിക്കുന്ന ആളുകളെയും സംഘടനകളെയും ആദരിക്കുന്ന 2023 -ലെ സഖാറോവ് സമ്മാനത്തിനുള്ള നോമിനികളെ യൂറോപ്യൻ പാർലമെന്റ് പ്രഖ്യാപിച്ചു. നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണത്തെതുടർന്ന് അന്യായമായി തടവിലാക്കപ്പെട്ട ബിഷപ്പ് റോളാൻഡോ അൽവാരസ് ആണ് ഈ വർഷം നാമനിർദേശം ചെയ്യപ്പെട്ടവരിൽ ഒരാൾ.

സെപ്തംബർ 20, ബുധനാഴ്ച വിദേശകാര്യ വികസന സമിതികളുടെയും മനുഷ്യാവകാശ ഉപസമിതിയുടെയും യോഗത്തിലാണ് നാമനിർദേശപട്ടിക അവതരിപ്പിച്ചത്. രാഷ്ട്രീയഗ്രൂപ്പുകളോ, കുറഞ്ഞത് 40 എം.പിമാരോ ആണ് ഇവ അവതരിപ്പിക്കുന്നത്. “പതിറ്റാണ്ടുകളായി നിക്കരാഗ്വക്കാരുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടുന്ന വ്യക്തിയാണ് മതഗൽപ്പയിലെ ബിഷപ്പ് അൽവാരസ്. പീഡനങ്ങൾക്കിടയിലും അദ്ദേഹം സ്വന്തം രാജ്യത്ത് തുടരുന്നു. പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യഭരണത്തിന്റെ ഏറ്റവും ശക്തമായ വിമർശകരിലൊരാളാണ് ബിഷപ്പ് അൽവാരസ്. 2023 ഫെബ്രുവരിയിൽ, രാജ്യം വിടാൻ വിസമ്മതിച്ചതിനെതുടർന്ന് അദ്ദേഹത്തെ 26 വർഷത്തെ തടവിന് ശിക്ഷിക്കുകയും തടവിലാക്കുകയും ചെയ്തു” – സെപ്റ്റംബർ 20 -ലെ ഒരു യൂറോപ്യൻ പാർലമെന്റ് പ്രസിദ്ധീകരണം സൂചിപ്പിക്കുന്നു.

1988 മുതൽ മനുഷ്യാവകാശങ്ങളുടെയും മൗലികസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണത്തിനായി പോരാടുന്ന വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും നൽകിവരുന്ന പുരസ്കാരമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.