കത്തോലിക്കാ സഭയ്‌ക്കെതിരെ കടുത്ത നടപടികളുമായി നിക്കരാഗ്വ: സംഭാവനകൾ, ദാനങ്ങൾ എന്നിവയ്ക്ക് നികുതിയേർപ്പെടുത്തും

കത്തോലിക്കാ സഭയ്ക്കും അതിന്റെ സ്ഥാപനങ്ങൾക്കുമെതിരെ നിയന്ത്രണങ്ങൾ കർശനമാക്കി നിക്കരാഗ്വൻ ഭരണകൂടം. വിശ്വാസികൾ കത്തോലിക്കാ സഭയ്ക്കു നൽകുന്ന ദാനങ്ങൾക്കും സംഭാവനകൾക്കും നികുതി ചുമത്താനുള്ള നീക്കമാണ് ഇപ്പോൾ നിക്കരാഗ്വൻ ഭരണകൂടം നടത്തുന്നത്.

നിക്കരാഗ്വയിലെ ദിനപ്പത്രമായ ല പ്രെസ്നയെ ഉദ്ധരിച്ചുകൊണ്ട് ഇറ്റാലിയൻ വാർത്താ ഏജൻസി ആൻസയാണ് (ANSA) ഈ വിവരം പുറത്തുവിട്ടത്. സാമ്പത്തിക വരുമാനത്തിന് നികുതി നൽകുന്നതിൽനിന്ന് സഭകളെയും ഇതര മതസ്ഥാപനങ്ങളെയും ഒഴിവാക്കുന്ന നിയമഭാഗം അതായത്, സാമ്പത്തിക നിയമത്തിലെ മുപ്പത്തിരണ്ടാം വകുപ്പിലെ മൂന്നാം ഭാഗം റദ്ദാക്കാനാണ് സർക്കാരിന്റെ നീക്കം. ഈ നടപടിയുണ്ടായാൽ സഭയ്ക്കും മതസ്ഥാപനങ്ങൾക്കുമുള്ള സംഭാവനകളും ദാനങ്ങളുമെല്ലാം വരുമാന നികുതിയുടെ പരിധിക്കുള്ളിലാകും.

മെത്രാന്മാരെയും വൈദികരെയും സെമിനാരിവിദ്യാർഥികളെയും സമർപ്പിതരെയുമൊക്കെ അറസ്റ്റു ചെയ്യുകയും നാടുകടത്തുകയും ചെയ്തുകൊണ്ട് സർക്കാർ സഭയെ പീഢിപ്പിക്കുന്നത് തുടരുന്നതിനു പുറമെയാണ് സാമ്പത്തികതലത്തിൽ കടിഞ്ഞാണിടാനുള്ള ഈ പുതിയ നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.