ഉത്തര കൊറിയയിൽ പുതിയ നീക്കം: ക്രിസ്ത്യാനികളുമായി സമ്പർക്കം പുലർത്തുന്നവരെ ജയിലിലടയ്ക്കുന്നു

ചൈനയിൽനിന്ന് തിരിച്ചയച്ചവരും ക്രിസ്ത്യാനികളുമായി സമ്പർക്കം പുലർത്തിയവരുമായ ഉത്തര കൊറിയക്കാരെ ഉത്തര കൊറിയൻ രാഷ്ട്രീയതടവുകാരുടെ ക്യാമ്പുകളിലേക്ക് അയയ്ക്കുന്നു. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എ. സി. എൻ.) എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ചാണ് ഈ വെളിപ്പെടുത്തൽ.

2024 ലെ ഈ റിപ്പോർട്ട് ഉത്തര കൊറിയ ഉൾപ്പെടെ 18 പ്രധാന രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നു. 1948 മുതൽ കിം എന്ന സ്വേച്ഛാധിപതി ഭരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണ് ഉത്തര കൊറിയ. ഇവിടെ ക്രിസ്ത്യാനികളുടെ യഥാർഥ എണ്ണമോ, ഉത്തര കൊറിയയിലുള്ള അവരുടെ വിശ്വാസത്തിന്റെ വ്യാപ്തിയോ മനസ്സിലാക്കുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കണക്കുകൾപ്രകാരം ഉത്തര കൊറിയയിൽ ക്രൈസ്തവർ ഏകദേശം 0.38% മാത്രമേ ഉള്ളൂ.

വിശ്വാസികളുടെ എണ്ണം കുറവാണെങ്കിലും, ക്രിസ്തുമതം ഭരണകൂടത്തിന് ഒരു ഭീഷണിയായി കണക്കാക്കപ്പെടുന്നു. അതിനാലാണ് ക്രിസ്ത്യാനികൾക്കെതിരെ ഭരണകൂടം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കൊറിയൻ ബ്രോഡ്‌കാസ്റ്റിംഗ് സിസ്റ്റം (കെ. ബി. എസ്.) അനുസരിച്ച്, രാജ്യത്തിന്റെ സ്ഥാപകനായ കിം ഇൽ-സങ് സൃഷ്ടിച്ച മാർക്‌സിസ്റ്റ് ‘സ്വാശ്രയ’ പ്രത്യയശാസ്ത്രമായ ജൂഷെ പിന്തുടരാൻ മുഴുവൻ ജനങ്ങളും നിർബന്ധിതരാക്കുന്നു.

രാജ്യത്തുനിന്ന് രക്ഷപെടാൻ ഉത്തര കൊറിയക്കാർ പലപ്പോഴും ചൈനയുമായുള്ള അതിർത്തി ഉപയോഗിക്കുന്നു. കർശന നിയന്ത്രണങ്ങളുള്ള ഈ അതിർത്തി കടക്കാൻ അവർക്കു കഴിഞ്ഞാൽ, ഒളിച്ചോടിയവർ കണ്ടെത്തപ്പെടാത്ത മൂന്നാമത്തെ അതിർത്തിയിലെത്തണം. അവർ കൂടുതലും തായ്‌ലൻഡ്, ദക്ഷിണ കൊറിയൻ എംബസിയിൽ അഭയം തേടുകയും അവരെ ദക്ഷിണ കൊറിയയിലേക്ക് അയയ്ക്കുകയും ചെയ്യും.

ലോകത്തിൽ ക്രിസ്ത്യാനികൾക്ക് ജീവിക്കാൻ ഏറ്റവും മോശം രാജ്യമാണ് ഉത്തര കൊറിയയെന്ന് പൊന്തിഫിക്കൽ ഫൗണ്ടേഷൻ പ്രസ്താവിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.