
മനുഷ്യനുപിന്നിലെ വിശുദ്ധനെ അവതരിപ്പിക്കുന്ന ‘മദർ തെരേസ ആൻഡ് മീ’ എന്ന പുതിയ ചിത്രം ഒക്‌ടോബർ 5 -ന് പുറത്തിറങ്ങും. മദർ തെരേസയുടെ, ഇന്ത്യയിലെ ആദ്യവർഷങ്ങളിലെ ശുശ്രൂഷകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
സ്വിസ്-ഇന്ത്യൻ ചലച്ചിത്രനിർമ്മാതാവായ കമൽ മുസാലെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചലച്ചിത്രത്തിൽ മദർ തെരേസയായി വേഷമിടുന്നത് ജാക്വലിൻ ഫ്രിറ്റ്ഷി-കോർണാസ് ആണ്. ബനിത സന്ധു, ദീപ്തി നേവൽ, വിക്രം കൊച്ചാർ, ബ്രയാൻ ലോറൻസ്, ഹീർ കൗർ, കെവിൻ മെയിൻസ്, ലിന ബൈശ്യ, ഷോബു കപൂർ, മഹി അലി ഖാൻ, ഫെയ്ത്ത് നൈറ്റ്, ജാക്ക് ഗോർഡൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. ചലച്ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെല്ലാം തന്നെ സ്ത്രീകളാണ് എന്നതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം.
ചില പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടി ഇന്ത്യയിലേക്ക് യാത്രചെയ്യുന്ന ഇന്ത്യൻവംശജയായ കവിത എന്ന ബ്രിട്ടീഷ് യുവതിയുടെ ജീവിതത്തെ പ്രമേയമാക്കിയാണ് ‘മദർ തെരേസ ആൻഡ് മീ’ എന്ന ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്.