നെയ്യാറ്റിൻകര രൂപതയ്ക്ക് പുതിയ സഹായമെത്രാൻ

നെയ്യാറ്റിൻകര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി ഫാ. ഡോ. ഡി. സെൽവരാജനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. 2011 മുതൽ നെയ്യാറ്റിൻകരയിലെ ജുഡീഷ്യൽ വികാരിയായും, 2019 മുതൽ തിരുപുറം സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവക വികാരിയായും സേവനം ചെയ്തുവരികെയാണ് അദ്ദേഹത്തിന് പുതിയ നിയോഗം ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം അതിരൂപതയിൽ നിന്ന് വിഭജിച്ച് 1996 ജൂൺ 14 നാണ് നെയ്യാറ്റിൻകര രൂപത സ്ഥാപിതമായത്. ബിഷപ്പ് വിൻസെൻ്റ് സാമുവലാണ് രൂപതയുടെ പ്രഥമ ബിഷപ്പ്. നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നീ രണ്ട് താലൂക്കുകളിലായാണ് രൂപത വ്യാപിച്ചിരിക്കുന്നത്. 65 ഇടവകകളിലായി 132,650 വിശ്വാസികളാണുള്ളത്. 135 രൂപതാ വൈദികരുമുണ്ട്.

1962 ജനുവരി 27ന് വലിയവിളയിലാണ് നിയുക്ത മെത്രാന്റെ ജനനം. ആലുവയിലെ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം ലൂവെയ്‌നിലെ കാത്തലിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനൻ നിയമത്തിൽ ലൈസൻസും ഡോക്ടറേറ്റും നേടി. 1987 ഡിസംബർ 23 ന് തിരുവനന്തപുരം അതിരൂപത വൈദികനായി അഭിഷിക്തനായി.

മുതിയവിളയിലെ സെൻ്റ് ആൽബർട്ട് ഇടവക വികാരി (1988-1994); തിരുവനന്തപുരത്തെ ലത്തീൻ അതിരൂപതയിലെ കാറ്റിക്കിസം ഡയറക്ടർ (1991-1995); ചിന്നത്തുറയിലെ സെൻ്റ് ജൂഡ് ഇടവക വികാരി (1994-1995); മാണിക്കപ്പുറത്തെ സെൻ്റ് തെരേസ ഇടവക വികാരി (1995); പാസ്റ്ററൽ കെയർ ഡയറക്ടർ (2001-2003); മാറനെല്ലൂർ സെൻ്റ് പോൾ ഇടവക വികാരി, സ്കൂൾ ഡയറക്ടർ (2001-2008); നെയ്യാറ്റിൻകര ട്രൈബ്യൂണലിലെ ബോണ്ട് ഡിഫൻഡർ (2001-2011); സാമ്പത്തിക കാര്യങ്ങളുടെ രൂപത കൗൺസില്‍ അംഗം (2007 മുതൽ); ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രല്‍ ചാൻസലര്‍ (2008-2014); ലോഗോസ് പാസ്റ്ററൽ സെന്‍റര്‍ ഡയറക്ടര്‍ (2014-2019) തുടങ്ങിയ വിവിധ മേഖലകളില്‍ സേവനം ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.