
രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന്റെ സൈനിക നടപടിയെത്തുടർന്ന് മാർച്ച് 16 ന് മ്യാന്മറിലെ ബന്മാവിലുള്ള സെന്റ് പാട്രിക്സ് കത്തീഡ്രൽ സൈന്യം അഗ്നിക്കിരയാക്കി. അയർലണ്ടിന്റെ രക്ഷാധികാരിയായ വി. പാട്രിക്കിന്റെ തിരുനാളിനു തലേദിവസമായിരുന്നു സംഭവം. മ്യാന്മറിൽ മതപരമായ കെട്ടിടങ്ങൾക്കുനേരെയുള്ള ആക്രമണപരമ്പരയിലെ ഏറ്റവും ഒടുവിലത്തെതാണ് കത്തീഡ്രൽ തകർത്തതോടെ സംഭവിച്ചത്. ഫെബ്രുവരി 26 ന് ഇതേ രൂപതയിലെ വൈദികന്റെ വീടും രൂപതാ കാര്യാലയങ്ങളും ഹൈസ്‌കൂളും അഗ്നിക്കിരയാക്കിയിരുന്നു.
ബിഷപ് റെയ്മണ്ട് സുംലൂട്ടിന്റെ നേതൃത്വത്തിലുള്ള ബാന്മാവ് രൂപത, ചൈനയുടെ അതിർത്തിയിലുള്ള ഒരു പർവതപ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. യുദ്ധം രൂക്ഷമാകുന്നതിനുമുമ്പ് മാമോദീസ സ്വീകരിച്ച 27,000 കത്തോലിക്കർ ഉൾപ്പെടെ നാലുലക്ഷത്തിലധികം ആളുകൾ ഈ രൂപതയിൽ താമസിച്ചിരുന്നു.
2025 ഫെബ്രുവരിയിൽ മിണ്ടാട്ടിലെ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് പള്ളിക്ക് വ്യോമാക്രമണത്തിൽ സാരമായ കേടുപാടുകൾ ഉണ്ടായതിനു സമാനമായ ആക്രമണത്തെ തുടർന്നാണ് സംഭവം. മതപരമായ കെട്ടിടങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ എന്നിവ ലക്ഷ്യമിട്ട് സൈനിക ഭരണകൂടം നടത്തുന്ന ആക്രമണങ്ങൾ, മ്യാന്മറിനെ മനുഷ്യത്വപരവും മനുഷ്യാവകാശവുമായ പ്രതിസന്ധിയിലേക്കു നയിക്കുന്നതായി ആരോപിക്കപ്പെടുന്നു.
2021 ലെ സൈനിക അട്ടിമറിക്കുശേഷം മ്യാന്മർ അക്രമങ്ങളാൽ വലയുകയാണ്. സാധാരണക്കാരായ ആറായിരത്തിലധികം പേർ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്തു. സൈനിക ഭരണകൂടം 2025 ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാൽ ഭരണകൂടം അംഗീകരിച്ച പാർട്ടികൾക്ക് മാത്രമേ അതിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.