
മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തിൽ 150 ലധികം പേർ കൊല്ലപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്ത സംഭവത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചനം അറിയിച്ചു.
“തെക്കുകിഴക്കൻ ഏഷ്യയിൽ, പ്രത്യേകിച്ച് മ്യാൻമറിലും തായ്‌ലൻഡിലും ഭൂകമ്പം മൂലമുണ്ടായ ജീവഹാനിയിലും വ്യാപകമായ നാശനഷ്ടങ്ങളിലും അനുശോചനവും വേദനയും അറിയിക്കുന്നു. ഈ ദുരന്തത്തിൽ വേദനിക്കുന്ന എല്ലാവരോടും എന്റെ ആത്മീയ അടുപ്പവും പ്രാർഥനയും അറിയിക്കുന്നു” – വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ പാപ്പയ്ക്കുവേണ്ടി അയച്ച സന്ദേശത്തിൽ പറഞ്ഞു.
മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്കുസമീപമാണ് മാർച്ച് 28 ന് ഉച്ചയ്ക്ക് 12:50 ന് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. തുടർന്ന് 6.4 തീവ്രത രേഖപ്പെടുത്തിയ തുടർചലനം ഉണ്ടായി. മ്യാൻമർ സർക്കാർ കുറഞ്ഞത് 144 മരണങ്ങളും 700 ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അയൽരാജ്യമായ തായ്‌ലൻഡിൽ, നിർമ്മാണത്തിലിരുന്ന 33 നില കെട്ടിടം തകർന്ന് എട്ടുപേർ മരിച്ചു. തായ്‌ലൻഡ് തലസ്ഥാനത്ത് കുറഞ്ഞത് 90 പേരെ കാണാതായതിനാൽ മരണസംഖ്യ ഉയരുമെന്ന് പ്രതിരോധ മന്ത്രി ഫുംതം വെച്ചായചായി പറഞ്ഞു.
മ്യാൻമറിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിന്റെയും വഷളാകുന്ന മാനുഷിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലാണ് ഈ ദുരന്തം. തലസ്ഥാനമായ നയ്പിഡാവിലും മറ്റ് അഞ്ച് പ്രദേശങ്ങളിലും രാജ്യത്തിന്റെ സൈനിക ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അന്താരാഷ്ട്ര സമൂഹത്തോട് മാനുഷിക സഹായത്തിനായി അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.
മ്യാൻമറിലെ കത്തോലിക്കാ സമൂഹങ്ങളെയും ഭൂകമ്പം ബാധിച്ചു. പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ഫീദസ് ന്യൂസ് ഏജൻസിയുടെ കണക്കനുസരിച്ച്, മണ്ഡലയിലെ നിരവധി പള്ളികൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. സെന്റ് മൈക്കിൾസ് കത്തോലിക്കാ ഇടവകയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടതെന്നും ഷാൻ സ്റ്റേറ്റിന്റെ തലസ്ഥാനമായ ടൗങ്ഗിയിലെ സെന്റ് ജോസഫ്സ് കത്തീഡ്രലിനും കേടുപാടുകൾ സംഭവിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഭവനരഹിതരായവരെ പിന്തുണയ്ക്കാൻ പ്രാദേശിക സഭാനേതാക്കൾ കത്തോലിക്കരോട് അഭ്യർഥിച്ചു.