മ്യാന്മാറിൽ അഭയം തേടിയ ഗുഹയിൽ തിരുപ്പിറവിത്തിരുന്നാൾ വിശുദ്ധ കുർബാന അർപ്പിച്ച് ബിഷപ്പ്

മ്യാന്മാറിൽ ബോംബാക്രമണത്തിൽ നിന്ന് രക്ഷനേടുന്നതിന് ഒരു മലയുടെ ഗുഹയിൽ അഭയം തേടിയിരുന്നവർക്കായി ലൊയിക്കാവ് രൂപതയുടെ മെത്രാൻ സെൽസൊ ബാ ഷ്വെ പ്രസ്തുത ഗുഹയിൽ തിരുപ്പിറവിത്തിരുന്നാൾ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. രണ്ടു വർഷത്തോളമായി സ്വഭവനങ്ങൾ വിട്ട് ഈ ഗുഹയിൽ അഭയം തേടിയവർക്കായി ദിവ്യബലി അർപ്പിക്കത്തക്കവിധം അവിടെ ബലിപീഠം ഒരുക്കുന്നതിന് വൈദികരും സമർപ്പിതരും അല്മായരും ഒത്തൊരുമയോടെ പ്രവർത്തിക്കുകയായിരുന്നുവെന്ന് ഫീദെസ് പ്രേഷിത വാർത്ത ഏജൻസി വെളിപ്പെടുത്തി.

“ഭയപ്പെടേണ്ട: ഞാൻ നിങ്ങൾക്ക് സകലജനത്തിനും വേണ്ടിയുള്ള സന്തോഷവാർത്തയേകുന്നു” എന്ന ദൈവദൂതന്റെ വാക്കുകൾ ബിഷപ്പ് ബാ ഷ്വെ തൻറെ സുവിശേഷ പ്രഭാഷണത്തിൽ ആവർത്തിച്ചു. ഹൃദയ കവാടങ്ങൾ പ്രത്യാശയിലേക്കു തുറന്നിടാൻ അദ്ദേഹം ഗുഹയിൽ സമ്മേളിച്ചിരുന്നവരെ ക്ഷണിച്ചു.

ജൂബിലി വർഷത്തിന്റെ പ്രമേയമായ പ്രത്യാശയിലാണ് ലൊയ്ക്കോവ് രൂപത. 2023 നവംബറിൽ മ്യാന്മാറിന്റെ സൈന്യം കൈവശപ്പെടുത്തി ഒരു സൈനികത്താവളമാക്കിയ ലൊയ്‌ക്കാവിലെ ക്രിസ്തുരാജന്റെ നാമത്തിലുള്ള കത്തീഡ്രലിലേക്ക് 2025-ൽ മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആ കത്തോലിക്കാ സമൂഹം.

കടപ്പാട്: വത്തിക്കാൻ ന്യൂസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.