മോസ്‌കോ പാത്രിയാർക്കേറ്റ് ഓർത്തഡോക്‌സ് സഭയുടെ സാന്നിധ്യം നിരോധിച്ച് ഉക്രൈൻ

റഷ്യയുമായി ബന്ധമുള്ള ഏതെങ്കിലും മതസംഘടനയുടെ, പ്രത്യേകിച്ച് ഉക്രേനിയൻ ഓർത്തഡോക്സ് ചർച്ച് ഓഫ് മോസ്കോ പാത്രിയാർക്കേറ്റിൻ്റെ (UOC-MP) സാന്നിധ്യം രാജ്യത്ത് നിരോധിക്കുന്ന നിയമം പാസാക്കി ഉക്രൈൻ പാർലമെന്റ്. ആഗസ്റ്റ് 20-നാണ് നിയമം നമ്പർ 8371 ഉക്രൈൻ പാർലമെന്റ് അംഗീകരിച്ചത്.

ഈ നിയമത്തെ 265 വോട്ടുകൾ അനുകൂലിക്കുകയും 29 പേർ എതിർക്കുകയും നാലു വോട്ടുകൾ വിട്ടുനിൽക്കുകയും ചെയ്തു. ‘മതസംഘടനകളുടെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഭരണഘടനാക്രമത്തിന്റെ സംരക്ഷണത്തെ’ സംബന്ധിച്ച നിയമമാണിത്. ആഗസ്റ്റ് 24-ന് ഉക്രൈന്റെ സ്വാതന്ത്ര്യദിനത്തിൽ, പ്രസിഡന്റ് വ്ലോടിമർ സെലെൻസ്കി ഈ നിയമത്തിൽ ഒപ്പുവച്ചു.

വത്തിക്കാൻ വാർത്താ ഏജൻസിയായ ഫിഡെസ് പറയുന്നതനുസരിച്ച്, രണ്ട് മാനദണ്ഡങ്ങൾ പാലിച്ചാൽ വിദേശ മതസംഘടനകൾ ഉക്രൈനിൽ നിലനിൽക്കുന്നതിനെ നിയമംകൊണ്ട് വിലക്കാവുന്നതാണ്. ആദ്യത്തേത്, അതിന്റെ പ്രധാന ആസ്ഥാനം ഉക്രൈനെതിരെ സായുധ ആക്രമണം നടത്തിയതായി അംഗീകരിക്കപ്പെട്ടതോ, നടപ്പിലാക്കുന്നതോ അല്ലെങ്കിൽ ഉക്രേനിയൻ പ്രദേശത്തിന്റെ ഒരു ഭാഗം താൽക്കാലികമായി കൈവശപ്പെടുത്തുന്നതോ ആയി അംഗീകരിക്കപ്പെടുകയാണെങ്കിൽ രണ്ടാമത്തേത് ഉക്രൈനെതിരായ സായുധ ആക്രമണത്തെ നേരിട്ടോ, അല്ലാതെയോ ആ രാജ്യം പിന്തുണയ്ക്കുന്നു എന്നതുമാണ്. ഈ പുതിയ നിയമം, പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുശേഷം പ്രാബല്യത്തിൽവരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.