വത്തിക്കാൻ ഗാർഡനിൽ ‘ഔവർ ലേഡി ഓഫ് പീസ്’ ഉദ്ഘാടനം ചെയ്തു

വി. ആൻഡ്രൂ കിമ്മിന്റെയും സഹ രക്തസാക്ഷികളുടെയും തിരുനാൾ ദിനമായ സെപ്തംബർ 20-ന് വത്തിക്കാൻ ഗാർഡനിൽ ‘ഔവർ ലേഡി ഓഫ് പീസ്’ ഉദ്ഘാടനം ചെയ്തു. പരിശുദ്ധ കന്യകാ മറിയത്തിന്റെ മോസൈക് രൂപമാണിത്. കൊറിയയിൽ നിന്നുള്ള ഷിം സൂൻഹ്‌വ കാതറിൻ എന്നയാളാണ് ഈ അതുല്യസൃഷ്ടി നിർമ്മിച്ച കലാകാരൻ.

വത്തിക്കാൻ സിറ്റി സ്‌റ്റേറ്റ് ഗവർണറേറ്റിന്റെ പ്രസിഡന്റും വൈദികർക്കായുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്‌ടുമായ കർദ്ദിനാൾമാരായ ഫെർണാണ്ടോ വെർഗസ് അൽസാഗ, ലസാരോ യു ഹ്യൂങ് സിക്ക്, കൊറിയയിൽ നിന്നുള്ള ബിഷപ്പുമാർ എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. ലോകമെമ്പാടുമുള്ള, രാജ്യങ്ങൾ തിരിച്ച്, ഓരോ അഞ്ച് വർഷം കൂടുമ്പോഴും ബിഷപ്പുമാർ മാർപാപ്പയെ സന്ദർശിക്കാറുണ്ട്. അതത് രൂപതകളുടെ പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും മാർപാപ്പയുമായും റോമിലെ വിവിധ സഭകളുമായും ചർച്ച ചെയ്യാനും ഈ സന്ദർശനത്തിൽ അവസരമുണ്ട്. ഈ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ മൊസൈക് രൂപം വത്തിക്കാൻ ഗാർഡനിൽ സ്ഥാപിച്ചത്.

അൽമായരും വൈദികരും സന്യാസിനികളും ഉൾപ്പെടെ 200 ഓളം പേർ പരിപാടിയിൽ പങ്കെടുത്തതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ‘ഔവർ ലേഡി ഓഫ് പീസ്’ രൂപത്തിന്റെ ആശീർവാദത്തിനു ശേഷം ലോകമെമ്പാടും സമാധാനത്തിനായി ജപമാല ചൊല്ലി പ്രാർഥിച്ചു. ഈ മൊസൈക് രൂപത്തിന് ഒന്നര മീറ്റർ നീളവും ഒരു മീറ്റർ വീതിയും ഉണ്ട്, എന്നാൽ മാർബിൾ ഫ്രെയിം കൂടി ചേർത്താൽ, മൊത്തം വലിപ്പം 1.86 മീറ്റർ നീളവും 1.3 മീറ്റർ വീതിയുമാണ്.

വത്തിക്കാൻ ഉദ്യാനത്തിൽ സ്ഥാപിച്ചിരിക്കുന്ന പന്ത്രണ്ടാമത്തെ മരിയൻ ചിത്രമാണ് ഔവർ ലേഡി ഓഫ് പീസ് അഥവാ സമാധാനത്തിന്റെ കന്യകയുടെ രൂപം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.