പാപ്പയെ അവസാനമായി കാണാനെത്തിയത് 90,000 ത്തിലധികം പേർ; മൗനം പാലിച്ച് ചൈന

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് രണ്ടുദിവസം കൊണ്ട് എത്തിയത് 90,000 ത്തിലധികം പേരാണ്. ഏപ്രിൽ 23 ബുധനാഴ്ച രാവിലെ 11 മണി മുതൽ, വ്യാഴാഴ്ച വൈകുന്നേരം ഏഴുമണി വരെയുള്ള സമയത്താണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ബസിലിക്കയിലൂടെ കടന്നുപോയ ആളുകളുടെ എണ്ണം പരിശുദ്ധ സിംഹാസനം അറിയിച്ചത്.

ആഗോളതലത്തിൽ ആദരാഞ്ജലികൾ ഉയരുമ്പോഴും പാപ്പയുടെ മരണത്തിൽ മൗനം പാലിച്ച് ചൈന

ഏപ്രിൽ 21 തിങ്കളാഴ്ച രാവിലെ വിടപറഞ്ഞ ഫ്രാൻസിസ് പാപ്പയുടെ മരണത്തിന് മണിക്കൂറുകൾക്കുള്ളിൽ ലോകമെമ്പാടുമുള്ള രാഷ്ട്രീയ-മതനേതാക്കളുടെ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. ആഗോളതലത്തിൽ ആദരാഞ്ജലികൾ ഉയരുമ്പോഴും പാപ്പയുടെ മരണത്തിൽ ചൈന മൗനം പാലിക്കുകയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ മരണശേഷം ചൈനയിലെ ഉന്നത രാഷ്ട്രത്തലവന്മാരും കത്തോലിക്കാ ബിഷപ്പുമാരും ശ്രദ്ധേയമായി മൗനം പാലിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സി സി പി) നിയന്ത്രണം കാരണം കത്തോലിക്കാ ബിഷപ്പുമാർക്കുപോലും ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെക്കുറിച്ച് പരസ്യമായി അഭിപ്രായം പറയാൻ അനുവാദമില്ലെന്നുള്ളതാണ് കാരണം.

തടവുകാരോടുള്ള സ്നേഹം അവസാനം വരെ തുടർന്ന പാപ്പ

ഫ്രാൻസിസ് മാർപാപ്പയുടെ ഹൃദയത്തിൽ തടവുകാർക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. പാപ്പയായിരുന്ന കാലഘട്ടത്തിലുടനീളം അദ്ദേഹം അവരോടുള്ള സ്നേഹം പ്രകടമാക്കി. അവസാനമായി അനാരോഗ്യത്തിലും പതിവ് തെറ്റിക്കാതെ പെസഹാ ബുധനാഴ്ചയും റോമിലെ ജയിലിൽ സന്ദർശനം നടത്തി.

പാപ്പ പ്രശസ്തി ആഗ്രഹിച്ചിരുന്നില്ല: ജെസ്യൂട്ട് സുപ്പീരിയർ ജനറൽ

ഏപ്രിൽ 24 വ്യാഴാഴ്ച നടന്ന ഒരു പത്രസമ്മേളനത്തിൽ, ജെസ്യൂട്ട് സുപ്പീരിയർ ജനറൽ ഫാദർ അർതുറോ സോസ, ഫ്രാൻസിസ് മാർപാപ്പ പ്രശസ്തി ആഗ്രഹിച്ചിരുന്നില്ല എന്ന് വെളിപ്പെടുത്തി. “യേശുവിന്റെ ശിഷ്യനാകാൻ തീരുമാനിച്ചതിനുശേഷം, ജീവിതത്തിൽ ദൈവഹിതം പ്രായോഗികമാക്കുക എന്നതായിരുന്നു പാപ്പയുടെ ആഗ്രഹം” – ജനറൽ ഫാ. സോസ പറഞ്ഞു. അദ്ദേഹം പാപ്പയെ വിശേഷിപ്പിച്ചത്, “ദൈവഹിതമനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ പ്രാർഥനകൾ ആവശ്യപ്പെട്ട ഒരു പ്രാർഥനാശീലൻ” എന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.