സുഡാൻ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ടത് അറുപതിനായിരത്തിലധികം ആളുകൾ

സുഡാനിൽ ആഭ്യന്തരയുദ്ധം മൂലം മരിക്കുന്നവരുടെ എണ്ണം മുമ്പ് റിപ്പോർട്ട് ചെയ്തതിനെക്കാൾ വളരെ കൂടുതലാണെന്നു വെളിപ്പെടുത്തി പുതിയ പഠനറിപ്പോർട്ട്. കഴിഞ്ഞ വർഷം പോരാട്ടം ആരംഭിച്ച ഖാർത്തൂം സംസ്ഥാനത്ത് 61,000 ത്തിലധികം ആളുകൾ മരിച്ചതായി ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിന്റെ സുഡാൻ റിസർച്ച് ഗ്രൂപ്പ് റിപ്പോർട്ടിൽ പറയുന്നു.

ഇവരിൽ 26,000 പേർ അക്രമത്തിന്റെ നേരിട്ടുള്ള ഫലമായി കൊല്ലപ്പെട്ടെന്നും സുഡാനിലുടനീളം മരണത്തിന്റെ പ്രധാന കാരണം, തടയാൻ കഴിയുന്ന രോഗവും പട്ടിണിയുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് മറ്റിടങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രദേശമായ ഡാർഫറിൽ നിരവധി ആളുകൾ മരിച്ചു. അവിടെ നിരവധി അതിക്രമങ്ങളും വംശീയ ശുദ്ധീകരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സുഡാനിലെ 19 മാസത്തെ സംഘർഷം ലോകത്തിലെ ഏറ്റവും മോശമായ മാനുഷികപ്രതിസന്ധി സൃഷ്ടിച്ചതായും ആയിരക്കണക്കിന് ആളുകൾ ക്ഷാമഭീഷണിയിലാണെന്നും സന്നദ്ധപ്രവർത്തകർ പറയുന്നു.

“ഇതുവരെ യു. എന്നും മറ്റ് സഹായ ഏജൻസികളും സ്ഥിരീകരിച്ച 20,000 മരണങ്ങളുടെ കണക്കാണ് സുഡാൻ സർക്കാർ പുത്തുവിടുന്നത്. എന്നാൽ, ആഭ്യന്തരയുദ്ധത്തിൽ അറുപത്തിനായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. രാജ്യത്തെ പോരാട്ടവും അരാജകത്വവും മൂലം കൊല്ലപ്പെട്ടവരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല” – സുഡാൻ റിസർച്ച് ഗ്രൂപ്പ് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.

1,50,000 പേർ കൊല്ലപ്പെട്ടതായി ചില കണക്കുകൾ സൂചിപ്പിക്കുന്നുവെന്ന് മെയ് മാസത്തിൽ സുഡാനിലെ യു. എസ്. പ്രത്യേക പ്രതിനിധി ടോം പെരിയെല്ലോ പറഞ്ഞിരുന്നു. യു. എൻ. ആയുധ ഉപരോധം ലംഘിച്ച് സംഘർഷത്തിൽ, ഫ്രഞ്ച് സൈനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞതിനുശേഷമാണ് സുഡാൻ റിസർച്ച് ഗ്രൂപ്പിന്റെ പഠനം വരുന്നത്.

സൈന്യവുമായി പോരാടുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർ. എസ്. എഫ്.) പൗരസേന, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു. എ. ഇ.) വിതരണം ചെയ്യുന്ന ഫ്രഞ്ച് ഹാർഡ്വെയർ ഘടിപ്പിച്ച വാഹനങ്ങൾ ഡാർഫറിൽ ഉപയോഗിക്കുന്നുണ്ടെന്ന് വ്യാഴാഴ്ച അവകാശസംഘം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.