2024 ൽ അഫ്ഗാനിസ്ഥാനിൽ യുദ്ധത്തിന്റെ ഇരകളായത് അഞ്ഞൂറിലധികം കുട്ടികൾ

അഫ്ഗാൻ യുദ്ധത്തിനുശേഷം ഉപേക്ഷിക്കപ്പെട്ട ആയുധങ്ങളും യുദ്ധാവശിഷ്ടങ്ങളും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായെന്നും നിരവധി പേർക്ക് മാരകമായ പരിക്കുകളേറ്റെന്നും വെളിപ്പെടുത്തി ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ജനുവരി ഏഴ് ചൊവ്വാഴ്ച സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെയാണ് യുദ്ധാവശിഷ്ടങ്ങൾ അഫ്ഗാനിസ്ഥാനിൽ വിതയ്ക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് യൂണിസെഫ് അറിയിച്ചത്.

2024 ൽ മാത്രം അഞ്ഞൂറിലധികം കുട്ടികളാണ് അഫ്ഗാൻ യുദ്ധത്തിൽ പൊട്ടിത്തെറിക്കാതിരുന്ന ആയുധങ്ങൾ പൊട്ടിത്തെറിച്ചും യുദ്ധാവശിഷ്ടങ്ങൾ മൂലം ദുരിതമനുഭവിച്ചതെന്നും ഇവരിൽ നിരവധി കുട്ടികൾ മരണമടഞ്ഞെന്നും യൂണിസെഫ് വ്യക്തമാക്കി. പൊട്ടിത്തെറിക്കാതെ അവശേഷിച്ച ആയുധങ്ങളും യുദ്ധാവശിഷ്ടങ്ങളും ഉണ്ടാക്കുന്ന അപകടസാധ്യതകളെക്കുറിച്ചും അത്തരം ആയുധങ്ങൾ എപ്രകാരം തിരിച്ചറിയാമെന്നും അവയിൽനിന്ന് രക്ഷപെടാമെന്നും എങ്ങനെ അവയെക്കുറിച്ച് അധികാരികളെ അറിയിക്കണമെന്നും മുപ്പതു ലക്ഷത്തോളം കുട്ടികൾക്ക് പരിശീലനം നൽകിയെന്നും യൂണിസെഫ് തങ്ങളുടെ സന്ദേശത്തിൽ അവകാശപ്പെട്ടു.

ശിശുക്ഷേമനിധിയുടെ അഫ്ഗാനിസ്ഥാനിലെ പ്രാദേശികഘടകമാണ് രാജ്യത്ത് മുൻകാലങ്ങളിൽ നടന്ന യുദ്ധങ്ങൾ അവശേഷിപ്പിച്ച അപകടക്കെണികളെക്കുറിച്ച് എക്‌സിൽ എഴുതിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന യുദ്ധങ്ങളിൽ ആയിരക്കണക്കിന് നിഷ്കളങ്കരായ കുട്ടികളാണ് ഇരകളാകുന്നത്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.