നിക്കരാഗ്വയിൽ 2023 -ൽ ഇതുവരെ കത്തോലിക്കാ സഭയ്ക്കുനേരെ ഉണ്ടായത് 200 -ലധികം ആക്രമണങ്ങളെന്ന് റിപ്പോർട്ട്. നിക്കരാഗ്വൻ ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മോളിന തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. 2018 ഏപ്രിൽ മുതൽ 2023 ആഗസ്റ്റ് വരെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ടിൽ, നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്ക്കുനേരെയുള്ള 667 ആക്രമണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
“2023 -ൽ നിക്കരാഗ്വയിൽ കത്തോലിക്കാ സഭയ്ക്കുനേരെ ഉണ്ടായത് വളരെ വലിയ ആക്രമണങ്ങളാണ്. ഈ വർഷം ഇതുവരെ 205 ആക്രമണങ്ങളാണ് കത്തോലിക്കാ സഭയ്ക്കുനേരെ ഉണ്ടായത്. കത്തോലിക്കാ സഭ ഏറ്റവും വലിയ പീഡനം അനുഭവിച്ച വർഷമാണിത് എന്നതിൽ സംശയമില്ല” – ഒക്ടോബർ നാലിനു നടത്തിയ പത്രസമ്മേളനത്തിൽ മൊലീന പറഞ്ഞു.
2018 മുതലുള്ള 667 ആക്രമണങ്ങളുടെ സ്വഭാവം സംബന്ധിച്ച റിപ്പോർട്ടിൽ ഇപ്രകാരം പറയുന്നു: “117 ആക്രമണങ്ങൾ, ഉപരോധങ്ങൾ, ആരാധനാലയങ്ങൾ നശിപ്പിക്കൽ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന 39 സ്ഥാപനങ്ങൾ, മാധ്യമങ്ങൾ, പ്രോജക്ടുകൾ, ജോലികൾ എന്നിവ അടച്ചുപൂട്ടൽ, കത്തോലിക്കാ സഭയ്ക്കെതിരെ 214 അടിച്ചമർത്തൽ പ്രവൃത്തികൾ എന്നിവ റിപ്പോർട്ടിൽ രേഖപ്പെടുത്തി. 71 നശീകരണ കേസുകൾ, വിദ്വേഷസന്ദേശങ്ങൾ, 80 മോഷണവും അപകീർത്തികരമായ സംഭവങ്ങളും സാധാരണക്കാരായ 82 പേർക്കെതിരെ നടന്ന അടിച്ചമർത്തൽ സാഹചര്യങ്ങൾ, കൂടാതെ ഘോഷയാത്രകളും ഔട്ട്ഡോർ പ്രവർത്തനങ്ങളും നിരോധിച്ചതിന്റെ 64 കേസുകളും ഉൾപ്പെട്ടിട്ടുണ്ട്.”
ജനപ്രിയമായ ഭക്തിസമ്പ്രദായങ്ങളിൽ ആകെ 3,240 നിയന്ത്രണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സഭാധികാരപരിധിയിലുള്ള അക്രമസംഭവങ്ങളിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ രജിസ്റ്റർ ചെയ്തത് മനാഗ്വ അതിരൂപതയിലാണ്. ആകെ 242 ആക്രമണങ്ങൾ. കൂടാതെ, കത്തോലിക്കാ സഭയുടെ 13 ഇടങ്ങളിലെ സ്വത്തുക്കൾ കണ്ടുകെട്ടിയതായും റിപ്പോർട്ടുണ്ട്. വിശ്വാസി സമൂഹത്തിലെ 151 പേർ (83 സ്ത്രീകളും 68 പുരുഷന്മാരും) ഭരണകൂടത്തിന്റെ പീഡനത്തിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചു. 68 പുരുഷന്മാരിൽ ഒരു സന്യാസി, ഒരു ബിഷപ്പ്, 58 വൈദികർ, 3 ഡീക്കന്മാർ, 5 സെമിനാരിക്കാർ എന്നിവരും ഉൾപ്പെടുന്നു.