മംഗോളിയയുടെ തലസ്ഥാന നഗരമായ ഉലാൻബാതറിൽ കരുണയുടെ ഭവനം നിർമ്മിച്ച് മംഗോളിയൻ ജനത. മാർപാപ്പയുടെ സന്ദർശനവേളയിൽ തിരുസഭാതലവനെക്കൊണ്ടുതന്നെ ഉദ്‌ഘാടനകർമ്മം നിർവഹിക്കുക എന്ന ലക്ഷ്യത്തോടെയാണ്, കുടിയേറ്റക്കാർക്കും നിരാലംബർക്കും വേണ്ടിയുള്ള ചാരിറ്റബിൾ സെൻ്റർ ‘കരുണയുടെ ഭവനം’ എന്നപേരിൽ മംഗോളിയയുടെ തലസ്ഥാന നഗരത്തിൽ ഒരുക്കിയിട്ടുള്ളത്.
സെപ്റ്റംബർ ഒന്നു മുതൽ നാലു വരെയാണ് ഫ്രാൻസിസ് മാർപാപ്പ മംഗോളിയയിൽ സന്ദർശനം നടത്തുന്നത്. തലസ്ഥാന നഗരമായ ഉലാൻബാതറിലെ കരുണയുടെ ഭവനത്തിന്റ ആശീർവാദകർമ്മം മാർപാപ്പയുടെ സന്ദർശനവേളയിലെ അവസാന പൊതുപരിപാടി ആയിരിക്കും.
ഗാർഹികപീഡനം ഒരു പ്രധാന പ്രശ്നമായി നിലകൊള്ളുന്ന സാഹചര്യത്തിൽ ഗാർഹികപീഡനത്തിന് ഇരകളാകുന്ന സ്ത്രീകളെയും പ്രായപൂർത്തിയാകാത്തവരെയും പരിപാലിക്കുന്ന ഒരു സാമൂഹിക കേന്ദ്രം തുറക്കുക എന്ന ആശയമായിരുന്നു കരുണയുടെ ഭവനത്തിന്റെ ആരംഭം. കഴിഞ്ഞ വർഷം ഫ്രാൻസിസ് മാർപാപ്പ കർദിനാളായി ഉയർത്തിയ ഇറ്റാലിയൻ മിഷനറിയും അപ്പസ്‌തോലിക് പ്രീഫെക്റ്റുമായ ജോർജിയോ മാരേങ്കോയാണ് 2019-ൽ പദ്ധതിക്ക് ആരംഭം കുറിച്ചത്.