
ക്രൈസ്തവന്റെ പ്രധാനദൗത്യമെന്നത് എവിടെയായിരുന്നാലും മിഷനറി ആയിരിക്കുക എന്നതാണെന്നു വ്യക്തമാക്കി കോപ്റ്റിക് കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസ് അബ്രാമോ ഇസാക്കോ സിദ്രാക്ക്. മിഷനറി ദൗത്യത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനും പുതുതലമുറയിൽ ഈ ഒരു അവബോധം വളർത്തിയെടുക്കുന്നതിനും വേണ്ടി ഈജിപ്തിലെ കെയ്‌റോയിൽവച്ചു നടത്തപ്പെട്ട മിഷനറിസംഗമത്തിൽ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
“ക്രിസ്തുവിന്റെ സ്നേഹം പ്രതിഫലിപ്പിക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. അതിനാൽ, സ്നേഹത്തിന്റെ ഈ സന്ദേശം മറ്റുള്ളവരെ അറിയിക്കാനും ചുറ്റുമുള്ളവരിൽ ക്രിസ്തുവിനെ തിരിച്ചറിയാനും നമുക്കു സാധിക്കണം” – പാത്രിയാർക്കീസ് അബ്രാമോ കുട്ടികളോടു പറഞ്ഞു.
11 ഇടവകകളിൽനിന്നായി നൂറുകണക്കിനു കുട്ടികൾ ആനിമേറ്റർമാരോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുത്തു. ഈജിപ്തിലെ ഒൻപത് കത്തോലിക്കാ രൂപതകളിലും വരുംദിവസങ്ങളിൽ ഇപ്രകാരം മിഷനറിസംഗമം നടത്തും. വിവിധ സംഘടനകൾ ഒന്നുചേർന്നുകൊണ്ടാണ് ആത്മീയവും ആഘോഷപരവുമായ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.