പാക്കിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി

പാക്കിസ്ഥാനിൽ അഞ്ച് ഇസ്ലാമിസ്റ്റുകൾ ചേർന്ന് 14 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ടിലെ കോർപൂർ പ്രദേശത്ത് ജനുവരി ഒമ്പതിനായിരുന്നു സംഭവം.

“തട്ടിക്കൊണ്ടുപോയവർ തന്റെ മകളായ സനേഹ ഷെരീഫിനെ നിർബന്ധിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാനും വിവാഹം കഴിക്കാനും ശ്രമിച്ചേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. അഞ്ചുപേർ ചേർന്ന് സ്നേഹയെ വാനിലേക്ക് കയറ്റുന്നത് അയൽവാസിയായ റെഹാൻ റസാഖ് കണ്ടു. അതിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു” ബ്രദറൻ ചർച്ചിലെ അംഗവും ഒരു വിവാഹ മാർക്കറ്റിലെ തൂപ്പുകാരനുമായ പിതാവ് ഷെരീഫ് മസിഹ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞയുടൻ പൊലീസിൽ വിവരമറിയിച്ചതായി പിതാവ് വെളിപ്പെടുത്തി.

പൊലീസ് കേസെടുത്തെങ്കിലും സമീന ഉസ്മാൻ, ഷബീർ അഹമ്മദ് എന്നിവരുൾപ്പെടെ രണ്ട് പ്രതികളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്ന് മസിഹ് പറഞ്ഞു. സമിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. എന്നാൽ അഹമ്മദ് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. എന്നാൽ രണ്ട് പ്രതികളും ഇതുവരെ സനേഹയെ വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു സൂചനയും നൽകിയിട്ടില്ല. രണ്ട് പേരെ അറസ്റ്റ് ചെയ്തതിനുശേഷം പൊലീസ് അലംഭാവം കാണിക്കുകയാണെന്നും തന്റെ മകളെ വീണ്ടെടുക്കാൻ ഒന്നും ചെയ്തിട്ടില്ലെന്നും പിതാവ് വെളിപ്പെടുത്തുന്നു.

താൻ ക്രിസ്ത്യാനി ആയതിന്റെ പേരിലും ദരിദ്രനായതുകൊണ്ടുമാണ് പൊലീസ് തന്റെ ഈ കേസ് ഗൗരവമായി കാണാത്തതെന്ന് മസിഹ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.