മെക്‌സിക്കൻ പുരോഹിതനെ വെടിവച്ചുകൊന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

തെക്കൻ സംസ്ഥാനമായ ചിയാപാസിൽ റോമൻ കത്തോലിക്കാ പുരോഹിതനെയും മനുഷ്യാവകാശ പ്രവർത്തകനെയും കൊലപ്പെടുത്തിയ കേസിൽ മെക്സിക്കൻ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസാസ് നഗരത്തിലെ പള്ളിയിൽ ഞായറാഴ്ച വിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷം തന്റെ ഇടവകയിലേക്കു മടങ്ങുമ്പോഴായിരുന്നു ഫാ. മാർസെലോ പെരെസിനുനേരെ ആക്രമണം ഉണ്ടായത്.

മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേരാണ് വൈദികനുനേരെ നിറയൊഴിച്ചതെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രാദേശിക മയക്കുമരുന്ന് വ്യാപാരിയായ എഡ്ഗാർ എൻ ആണ് കൊലയാളിയെന്ന് അധികൃതർ തിരിച്ചറിഞ്ഞു. ചിയാപാസ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് പറയുന്നതനുസരിച്ച്, സുരക്ഷാ ക്യാമറാദൃശ്യങ്ങൾ, സാക്ഷിമൊഴികൾ, മറ്റ് സൂചനകൾ എന്നിവ ഉപയോഗിച്ച് വൈദികന്റെ കൊലയാളിയെ തിരിച്ചറിഞ്ഞതായി എ. എഫ്. പി. വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

എതിരാളികളായ സംഘങ്ങൾ തമ്മിലുള്ള ടർഫ് യുദ്ധങ്ങളുമായി ബന്ധപ്പെട്ട് സമീപവർഷങ്ങളിൽ അക്രമങ്ങൾ വർധിച്ച ചിയാപാസിൽ മയക്കുമരുന്ന് കടത്തിനെതിരെ ഫാ. മാർസെലോ അശ്രാന്തമായി പ്രചാരണം നടത്തിയിരുന്നു. മുമ്പ് ശുശ്രൂഷ ചെയ്തിരുന്ന ഗ്രാമീണ ഇടവകയിൽനിന്ന് വധഭീഷണി ഉണ്ടായതിനെത്തുടർന്ന് അദ്ദേഹത്തെ നഗരത്തിലേക്കു മാറ്റിയിരുന്നു. ഒരു ക്രിമിനൽസംഘവും ജാഗ്രതാസംഘവും തമ്മിലുള്ള ഏറ്റുമുട്ടലും അക്രമവും അവസാനിപ്പിക്കുന്നതിനായി ഒരു ചർച്ച നടത്താൻ ഈ പുരോഹിതൻ ശ്രമിച്ചിരുന്നു. ഇതേത്തുടർന്ന് വധഭീഷയും മറ്റും ഈ വൈദികന് നേരിടേണ്ടിവന്നിരുന്നു.

സമാധാനത്തിനും നീതിക്കുംവേണ്ടി അശ്രാന്തമായി പ്രവർത്തിച്ച ഒരു പ്രവാചകശബ്ദത്തെ ഈ കൊലപാതകം നിശ്ശബ്ദമാക്കിയതായി മെക്സിക്കോയിലെ ബിഷപ്പുമാരുടെ സമ്മേളനം അനുസ്മരിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.