![pope-francis-general-audience-invites-to-collaborate-for-peace](https://i0.wp.com/www.lifeday.in/wp-content/uploads/2024/02/pope-francis-general-audience-invites-to-collaborate-for-peace.jpg?resize=696%2C435&ssl=1)
110-ാമത് ലോക കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ദിനത്തിൽ കുടിയേറ്റക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. ആധുനിക കുടിയേറ്റക്കാരുടെ അനുഭവങ്ങളെ, പഴയനിയമത്തിലെ ഇസ്രായേല്യരുടെ പുറപ്പാടുമായി ഉപമിച്ച പാപ്പ, രണ്ടുകൂട്ടരും അടിച്ചമർത്തൽ, വിവേചനം തുടങ്ങിയവയിൽനിന്ന് മോചനം തേടുന്നതാണെന്നു ചൂണ്ടിക്കാട്ടി. ദൈവം ഇസ്രായേല്യരെ അനുഗമിച്ചതുപോലെ ഇന്നും കുടിയേറ്റക്കാരോടൊപ്പം നടന്നുകൊണ്ടിരിക്കുകയാണെന്ന് പാപ്പ ഉറപ്പിച്ചുപറഞ്ഞു.
“നിങ്ങളുടെ ദൈവമായ കർത്താവാണ് നിങ്ങളോടുകൂടെ വരുന്നത്. അവിടുന്ന് നിങ്ങളെ നിരാശപ്പെടുത്തുകയോ, പരിത്യജിക്കുകയോ ഇല്ല” എന്ന് നിയമാവർത്തനം 31: 6-ൽ നിന്ന് ഉദ്ധരിച്ചുകൊണ്ട്, യാത്രയിലുള്ളവരോടൊപ്പമുള്ള ദൈവത്തിന്റെ ശാശ്വതസാന്നിധ്യത്തെക്കുറിച്ച് പാപ്പ സൂചിപ്പിച്ചു. വിശ്വാസത്തിലും പ്രാർഥനയിലും ആശ്വാസം കണ്ടെത്തുന്ന കുടിയേറ്റക്കാർ പലപ്പോഴും ദൈവത്തെ ഒരു യാത്രാചങ്ങാതിയായി അനുഭവിക്കുന്നത് എങ്ങനെയെന്നും ഫ്രാൻസിസ് പാപ്പ എടുത്തുപറഞ്ഞു. മത്തായി 25: 35-40-ൽ വിവരിച്ചിരിക്കുന്നതുപോലെ, കുടിയേറ്റക്കാരെ കണ്ടുമുട്ടുന്നതിന്റെയും സഹായിക്കുന്നതിന്റെയും അഗാധമായ ആത്മീയത പാപ്പ ചൂണ്ടിക്കാട്ടി.
തന്റെ സന്ദേശത്തിൽ, കുടിയേറ്റക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ആഹ്വാനംചെയ്ത പാപ്പ, ആവശ്യമുള്ളവരുമായുള്ള ഓരോ കൂടിക്കാഴ്ചയും കർത്താവിനെ കാണാനുള്ള അവസരമായി എടുക്കാൻ വിശ്വാസികളോട് അഭ്യർഥിച്ചു. ഈ കണ്ടുമുട്ടലുകളുടെ രക്ഷാകരമായ സാധ്യതകൾ ഊന്നിപ്പറഞ്ഞ പാപ്പ “ദരിദ്രർ നമ്മെ രക്ഷിക്കുന്നു; കാരണം അവർ കർത്താവിന്റെ മുഖം കണ്ടുമുട്ടാൻ നമ്മെ പ്രാപ്തരാക്കുന്നു” എന്ന് കൂട്ടിച്ചേർത്തു.
തന്റെ സന്ദേശം അവസാനിപ്പിച്ച പാപ്പ, കുടിയേറ്റക്കാർക്കും അഭയാർഥികൾക്കുംവേണ്ടിയുള്ള പ്രാർഥനയിൽ പങ്കുചേരാ൯ എല്ലാവരോടും ആഹ്വാനംചെയ്യുകയും അവരുമായി ഐക്യത്തോടെ സിനഡൽ യാത്രയെ പ്രോത്സാഹിപ്പിക്കുകയും പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥതയ്ക്കായി അവരെയും വരാനിരിക്കുന്ന സിനഡ് അസംബ്ലിയെയും ഭരമേല്പിക്കുകയും ചെയ്തു. ഒരു പ്രാർഥനയോടുകൂടിയാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.
പ്രാർഥന
സർവശക്തനായ പിതാവായ ദൈവമേ, സ്വർഗരാജ്യത്തിലേക്കുള്ള യാത്രയിലായിരിക്കുന്ന ഞങ്ങൾ അങ്ങയുടെ തീർഥാടകസഭയാണ്. പക്ഷേ, ഞങ്ങൾ ഞങ്ങളുടെ മാതൃരാജ്യത്തിലാണെങ്കിലും വിദേശികളെന്നപോലെയാണ് ജീവിക്കുന്നത്. എല്ലാ വിദേശസ്ഥലങ്ങളും ഞങ്ങൾക്ക് വീടാണ്; എങ്കിലും ഓരോ ജന്മദേശവും ഞങ്ങൾക്ക് അന്യദേശവുമാണ്. ഞങ്ങൾ ഭൂമിയിലാണെങ്കിലും ഞങ്ങളുടെ യഥാർഥ പൗരത്വം സ്വർഗത്തിലാണ്.
ഞങ്ങൾക്ക് താൽക്കാലികവാസത്തിനു നൽകിയിട്ടുള്ള ഈ ലോകത്തിന്റെ ഭാഗത്തെ സ്വന്തമാക്കുന്നവരാകാൻ ഞങ്ങളെ അനുവദിക്കരുതെ. കുടിയേറ്റക്കാരായ ഞങ്ങളുടെ സഹോദരീസഹോദരന്മാരോടൊപ്പം അങ്ങ് ഞങ്ങൾക്കായി ഒരുക്കിയ നിത്യവാസസ്ഥലത്തേക്കു സഞ്ചരിക്കാൻ ഞങ്ങളെ സഹായിക്കണമേ. ആവശ്യക്കാരുമായുള്ള ഓരോ കണ്ടുമുട്ടലും അങ്ങയുടെ പുത്രനും ഞങ്ങളുടെ കർത്താവുമായ യേശുവുമായുള്ള ഒരു കണ്ടുമുട്ടലായിത്തീരത്തക്കവണ്ണം ഞങ്ങളുടെ കണ്ണുകളെയും ഹൃദയങ്ങളെയും തുറക്കേണമേ, ആമ്മേൻ.
കടപ്പാട്: വത്തിക്കാൻ ന്യൂസ്