
40 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ, സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന രോഗികൾക്കായുള്ള ജൂബിലി ആചരണത്തിൽ പങ്കെടുത്തു. ഏപ്രിൽ ആറിനു നടന്ന ചടങ്ങിൽ അപ്രതീക്ഷിതമായി പങ്കെടുത്ത മാർപാപ്പ, രോഗാവസ്ഥയുടെയും പരിചരണത്തിന്റെയും ആത്മീയതലങ്ങളെക്കുറിച്ചു സംസാരിച്ചു.
“രോഗികൾക്കും അവരെ പരിപാലിക്കുന്നവർക്കും രോഗശയ്യ രക്ഷയുടെയും വീണ്ടെടുപ്പിന്റെയും ഒരു വിശുദ്ധ സ്ഥലമാണ്. രോഗത്തിന്റെയും ബലഹീനതയുടെയും അനുഭവത്തിലൂടെ കടന്നുപോകുന്നവർക്ക് പല കാര്യങ്ങളിലും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരും. ഇത് എല്ലായ്‌പ്പോഴും എളുപ്പമല്ല. പക്ഷേ, നമുക്കു ലഭിക്കുന്ന ദയയ്ക്ക് നന്ദിയോടും സ്വീകാര്യതയോടും വിശ്വാസത്തോടും കൂടി ഭാവിയിലേക്കു നോക്കിക്കൊണ്ടു സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും നാം എല്ലാ ദിവസവും പഠിക്കുന്ന ഒരു വിദ്യാലയമാണിത്” – മാർപാപ്പ പങ്കുവച്ചു.
സപ്ലിമെന്റൽ ഓക്സിജൻ നൽകുന്ന നേസൽ കാനുലകൾ ധരിച്ച് ഒരു നഴ്‌സിന്റെ സഹായത്തോടെ വീൽചെയറിലാണ് മാർപാപ്പ രോഗികൾക്കായുള്ള ജൂബിലിയിൽ സംബന്ധിക്കാനെത്തിയത്. എല്ലാ ആരോഗ്യപ്രവർത്തകരുടെയും സേവനത്തിനും മഹത്തായ ശുശ്രൂഷകൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.