പ്രത്യാശയുടെ ജൂബിലി വർഷത്തിൽ നിത്യനഗരമായ റോം സന്ദർശനത്തിനായും തീർഥാടനത്തിനായും എത്തിച്ചേർന്ന സ്‌പെയിനിലെ കോർദോബ സെമിനാരിയിൽ നിന്നുള്ള വൈദിക വിദ്യാർഥികൾക്കും പരിശീലകർക്കും ഫ്രാൻസിസ് പാപ്പ സന്ദേശം നൽകി. ജനുവരി 17 ന് അനുവദിച്ച സ്വകാര്യ കൂടിക്കാഴ്ച്ചയുടെ അവസരത്തിലാണ് പ്രത്യാശയുടെ തീർഥാടനം വിശ്വാസികൾക്ക് നൽകുന്ന സൂചനകളെയും അടയാളങ്ങളെയും എടുത്തുപറഞ്ഞുകൊണ്ട് സന്ദേശം നൽകിയത്.
യേശുവുമായുള്ള കണ്ടുമുട്ടലിലേക്ക് നമ്മെ നയിക്കുന്നതാണ് പ്രത്യാശയുടെ തീർഥാടനത്തിന്റെ ആദ്യ അടയാളമെന്ന് പാപ്പ പറഞ്ഞു. ഇത് നമ്മെ സ്വർഗത്തിലേക്ക് ദൃഷ്ടികൾ ഉയർത്താൻ പ്രേരിപ്പിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു. ജീവിതത്തിലെ പ്രഥമസ്ഥാനങ്ങളും സുഖപ്രദമായ സ്ഥലങ്ങളുമൊക്കെ നേടാനുള്ള പരിശ്രമങ്ങൾ നിർജീവമായ ലക്ഷ്യങ്ങളാണെന്നും നമ്മെ ലജ്ജിപ്പിക്കുന്ന ഇത്തരം കാര്യങ്ങളിൽനിന്നും പുറത്തുകടക്കണമെന്നും പാപ്പ അടിവരയിട്ടു പറഞ്ഞു.
പ്രത്യാശയുടെ തീർഥാടനവഴിയിൽ നമുക്കുള്ള അടയാളം ‘വിശ്രമകേന്ദ്ര’ങ്ങളാണെന്ന് പാപ്പ പറഞ്ഞു. ജീവിതവഴികളിൽ നമുക്ക് അഭയം നൽകുകയും ക്ഷീണിച്ചവശരാകുമ്പോൾ സ്വാഗതം ചെയ്യുകയും ചെയ്യുന്ന കർത്താവിന്റെ വചനവും വിശുദ്ധ ബലിയും നമുക്ക് വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നുവെന്ന് പാപ്പ പറഞ്ഞു. ഈ പ്രത്യാശയില്ലാതെ, നമ്മുടെ യാത്ര പുറപ്പെടുന്നത് വിഡ്ഢിത്തമാണെന്നും പാപ്പ കൂട്ടിച്ചേർത്തു. അതിനാൽ പ്രത്യാശയുടെ പാത യേശുവിന്റേത് മാത്രമാണെന്നും അത് നമ്മെ കുരിശിന്റെ ആലിംഗനത്തോടെ സ്വർഗീയ ജറുസലേമിലേക്ക് നയിക്കുന്നുവെന്നും പാപ്പ പറഞ്ഞു.
കടപ്പാട്: വത്തിക്കാൻ ന്യൂസ്