![MDME-community,-thanks,-freeing,-5-members,-kidnapped,-Nigeria](https://i0.wp.com/www.lifeday.in/wp-content/uploads/2023/10/MDME-community-thanks-freeing-5-members-kidnapped-Nigeria.jpg?resize=696%2C435&ssl=1)
നൈജീരിയയിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്ന് സന്യാസിനിമാരും ഒരു വൈദികവിദ്യാർഥിയും ഡ്രൈവറും ഉൾപ്പെടുന്ന അഞ്ചംഗ സംഘത്തെ മോചിപ്പിച്ചതിൽ നന്ദി അറിയിച്ച് മിഷനറി ഡോട്ടേഴ്സ് ഓഫ് മാറ്റർ എക്ലെസിയ (എം.ഡി.എം.ഇ) സന്യാസിനീ സമൂഹം. ഒക്ടോബർ 5 -ന് നൈജീരിയയിലെ അബാകാലികി രൂപതയിൽനിന്ന് തട്ടികൊണ്ടുപോകപ്പെട്ട ഈ അഞ്ചുപേരും ഒക്ടോബർ 13, 14 തീയതികളിലാണ് മോചിതരായത്.
മോചിതരായ മൂന്നു സന്യാസിനിമാരും മിഷനറി ഡോട്ടേഴ്സ് ഓഫ് മാറ്റർ എക്ലെസിയ സമൂഹാംഗങ്ങളാണ്. “സന്യാസിനിമാരും വൈദികവിദ്യാർഥിയും ഡ്രൈവറും ഒക്ടോബർ 13 -നും ഒക്ടോബർ 14 -നും സുരക്ഷിതമായി മോചിതരായി. ഇവരുടെ ഈ പരീക്ഷണനിമിഷത്തിലുടനീളം നിങ്ങളുടെ ദയാപൂർവമായ പിന്തുണയ്ക്ക് നന്ദിപറയുന്നു. ഒപ്പം സർവശക്തനായ ദൈവത്തിനും നന്ദിപറയുന്നു” – എം.ഡി.എം.ഇ സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മാധ്യമപ്രവർത്തകരുമായി പങ്കുവച്ച പ്രസ്താവനയിൽ പറഞ്ഞു.
അഞ്ചംഗസംഘത്തെ തട്ടിക്കൊണ്ടുപോയവർ നൈജീരിയയിലെ എം.ഡി.എം.ഇ നേതൃത്വത്തെ സമീപിക്കുകയും ഇരകളുടെ മോചനത്തിനായി മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേ തുടർന്ന് അവരുടെ മോചനത്തിനുവേണ്ടി, 1 മില്യൺ നായരാ (1,305 ഡോളർ) മോചനദ്രവ്യമായി നൽകിയതായും നബുച്ചി പറഞ്ഞു. നൈജീരിയയെ ഒരു ഇസ്ലാമികരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, 2009 മുതൽ ബൊക്കോ ഹറാം ആരംഭിച്ച കലാപംമൂലം പലതരം അരക്ഷിതാവസ്ഥകളിലൂടെയാണ് ഈ രാജ്യം ഇന്ന് കടന്നുപോകുന്നത്.