രക്തസാക്ഷികൾ ഹൃദയത്തെ പ്രകാശിപ്പിക്കുന്ന കിരണങ്ങളാണ്: ഫ്രാൻസിസ് പാപ്പാ

രക്തസാക്ഷികൾ ഹൃദയത്തെ പ്രകാശിപ്പിക്കുന്ന കിരണങ്ങളാണെന്ന് ഫ്രാൻസിസ് പാപ്പാ. ഫാ. ജൂസെപ്പെ പുല്ലിസിയുടെ മുപ്പതാം ചരമവാർഷികത്തിനു മുന്നോടിയായി പലെർമോയിലെ ആർച്ചുബിഷപ്പ് കൊറാഡോ ലോറെഫിച്ചേക്ക് ഫ്രാൻസിസ് പാപ്പാ അയച്ച കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മാഫിയസംഘങ്ങൾ അധികാരമുറപ്പിച്ചിരുന്ന കാലഘട്ടത്തിൽ പലെർമോയുടെ പ്രാന്തപ്രദേശങ്ങളിലുണ്ടായിരുന്ന ചെറുപ്പക്കാർക്ക് നല്ല വിദ്യാഭ്യാസം നൽകിക്കൊണ്ട് സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ ക്രിസ്തുവിനുവേണ്ടി പോരാടിയ വൈദികനാണ് ഫാ. ജൂസെപ്പെ പുല്ലിസി. 1993 സെപ്റ്റംബർ 15-ന്, തന്റെ അൻപത്തിമൂന്നാം ജന്മദിനത്തിലാണ് അദ്ദേഹം സിസിലിയൻ മാഫിയസംഘമായ കോസ നോസ്ട്ര സംഘടനയിലെ അക്രമികളുടെ വെടിയേറ്റ് വീരമൃത്യു വരിച്ചത്.

യേശുവിന്റെ മാതൃക പിന്തുടർന്നുകൊണ്ട് എല്ലാ തലങ്ങളിലും സ്നേഹത്തിന്റെ ദീപം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ഫാ.ജൂസെപ്പേയെന്ന് പാപ്പാ വെളിപ്പെടുത്തി. ക്ഷമ എന്ന പുണ്യത്തിലൂടെയാണ് സമാധാനത്തിന്റെ വക്താവാകാൻ ജൂസെപ്പെയ്ക്കു സാധിച്ചത്. അതിനാൽ ഈ വൈദികനെ നമുക്കു സമ്മാനിച്ച ദൈവത്തിന് നാം നന്ദിപറയണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

തന്റെ ഇടവകയിൽ മാത്രമല്ല, പ്രാന്തപ്രദേശങ്ങളിൽ തെരുവകളിലൂടെയുള്ള തന്റെ യാത്രകളിൽ ഏറെപ്പേരെ കണ്ടുമുട്ടാനും അവരെ സുവിശേഷം അറിയിക്കാനും അക്ഷീണം പരിശ്രമിച്ച വ്യക്തിയായിരുന്നു ഫാ. ജൂസെപ്പെ. ദൈവികമായ ഈ നവോന്മേഷവും നിസ്വാർഥമായ ജനസേവനവുമാണ് കൊലയാളിയോടുപോലും, ‘ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നു’ എന്ന വാക്കുകൾ മരണസമയത്തും പുഞ്ചിരിയോടെ പറയാൻ അദ്ദേഹത്തെ സഹായിച്ചത്.

യുവജനങ്ങളുടെയും കുട്ടികളുടെയും കാര്യത്തിൽ അതീവശ്രദ്ധാലുവായിരുന്നു ഫാ. ജൂസെപ്പെ. അതോടൊപ്പം കുടുംബങ്ങൾക്കുവേണ്ടിയുള്ള അജപാലനശുശ്രൂഷയിലും അദ്ദേഹം കാണിച്ച പിതൃവാത്സല്യം ഒരു നല്ല ഇടയന്റെ ലക്ഷണമായി ഇന്നും മാറണമെന്ന് പാപ്പാ അടിവരയിട്ടുപറഞ്ഞു. സാന്ത്വനത്തിന്റെയും കരുണയുടെയും തൈലം ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവരുടെ മുറിവുകൾ വച്ചുകെട്ടി സുഖപ്പെടുത്താനും നീതിപൂർവകവും സാഹോദര്യാത്മകവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും എല്ലാ ഇടയന്മാർക്കും ഫാ. ജൂസെപ്പേയെ പോലെ സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.