![baron](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/baron.jpg?resize=696%2C435&ssl=1)
വിവാഹം എല്ലാ തലമുറകൾക്കും പ്രത്യാശയുടെ ഉറവിടമാണെന്ന് യു എസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ് കമ്മിറ്റിയുടെ ചെയർമാൻ ബിഷപ്പ് റോബർട്ട് ഇ. ബാരൺ. യു എസ് എ യിലെ ദേശീയ വിവാഹ വാരാചരണത്തിന്റെയും ആഗോള വിവാഹദിനത്തിന്റെയും മുന്നോടിയായി ഫെബ്രുവരി ആറിന് യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ബിഷപ്പ് ബാരൺ ഇപ്രകാരം പങ്കുവച്ചത്.
“ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവാഹ വാരാചരണം ദമ്പതികളുടെ സമർപ്പണം അവരുടെ ഭാവിയിലേക്കുള്ള പ്രത്യാശയുടെ ഉറവിടവും അടയാളവുമാണെന്നും തലമുറകളിലൂടെ പ്രതിധ്വനിക്കുന്ന ശ്രേഷ്ഠമായ സ്നേഹത്തിന്റെ വസന്തമാണെന്നും ഓർമ്മിപ്പിക്കുന്നു” – ബിഷപ്പ് ബാരൺ വ്യക്തമാക്കി. ഇന്നത്തെ നിരവധി യുവാക്കളുടെ ഏകാന്തത നിരുത്സാഹത്തിനും ഒരു മറുമരുന്ന് കൂടിയാണ് വിവാഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യാശ എന്ന പുണ്യത്തിൽ കേന്ദ്രീകൃതമായ ഈ ജൂബിലി വർഷത്തിൽ യു എസി ലെ ദേശീയ വിവാഹ വാരാചരണത്തിന്റെ പ്രമേയം ‘പ്രത്യാശയുടെ ഉറവിടം, നവീകരണത്തിന്റെ വസന്തം, നിലനിൽക്കുന്ന സ്നേഹം പിന്തുടരുക’ എന്നതാണെന്ന് യു എസ് സി സി ബി പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
1996 ൽ യു കെ യിലെ അന്നത്തെ നാഷണൽ ചാരിറ്റി മാര്യേജ് റിസോഴ്‌സിന്റെ ഡയറക്ടറായിരുന്ന റിച്ചാർഡ് കെയ്നും ഭാര്യ മരിയ കെയ്നും ചേർന്നാണ് ദേശീയ വിവാഹ വാരം ആരംഭിച്ചത്. 2002 ൽ യു എസി ൽ സ്മാർട്ട് മാര്യേജസിലെ ബ്രെന്റ് ബാർലോ, ഡയാൻ സോളി എന്നിവരുടെ നേതൃത്വത്തിൽ ഈ ആചരണം അംഗീകരിക്കപ്പെടുകയും വിശ്വാസ സമൂഹങ്ങളുടെയും വിവാഹ വക്താക്കളുടെയും പങ്കാളിത്തത്തിലൂടെ ഈ സംരംഭം വിപുലീകരിക്കപ്പെടുകയും ചെയ്തു.