മാർ കാളാശേരി പ്രേഷിതചൈതന്യം ഹൃദയത്തിൽ ഏറ്റുവാങ്ങിയ അജപാലകൻ: മാർ പെരുന്തോട്ടം

ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് മിഷണറിമാരെ അയയ്ക്കുകയും പുനരൈക്യ പരിശ്രമങ്ങളിലൂടെ അനേകായിരങ്ങളെ കത്തോലിക്കാ സഭയിലേക്ക് ആകർഷിക്കുകയും മിഷൻ ലീഗിന് പ്രാരംഭ കാരണമാവുകയും പ്രേഷിത ചൈതന്യം ഹൃദയത്തിൽ ഏറ്റുവാങ്ങുകയും ചെയ്ത അജപാലകനായിരുന്നു മാർ ജയിംസ് കാളാശേരി എന്ന് മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ അനുസ്മരിച്ചു. കാളാശേരി പിതാവിൻ്റെ 75-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 26 ശനിയാഴ്ച അതിരൂപതാതല അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശനി രാവിലെ 7.00 മണിക്ക് ചങ്ങനാശേരി മെത്രാപ്പോലീത്തൻപള്ളി വികാരി ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ കബറിടപള്ളിയിൽ അനുസ്മരണ കുർബാനയർപ്പിച്ചു. മാർ ജോസഫ് പെരുന്തോട്ടം  കബറിടത്തിൽ ഒപ്പീസ് ചൊല്ലി പ്രാർത്ഥിച്ചു. തുടർന്ന് മാർ പെരുന്തോട്ടം ചങ്ങനാശേരി ഫൊറോനാ കത്തോലിക്കാ കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിലുള്ള അനുസ്മരണ ദീപം തെളിച്ചു. കുട്ടനാട് എംഎൽഎ ശ്രീ. തോമസ് കെ.തോമസ് സന്നിഹിതനായിരുന്നു. കത്തോലിക്കാ കോൺഗ്രസ് അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ, 11.30 ന് കാളാശേരി പിതാവിൻ്റെ മാതൃഇടവകയായ കൈനകരിയിൽ നിന്നും ഛായാചിത്ര പ്രയാണം ആരംഭിച്ച് വിവിധ ഇടവകകളിലൂടെ കടന്ന് 2.30 ന് ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ സമാപിച്ചു.

ഉച്ചകഴിഞ്ഞ് 2.30 ന് അനുസ്മരണ സിമ്പോസിയം അസംപ്ഷൻ കോളേജ് ഹാളിൽ നടത്തപ്പെട്ടു. മാർ ജോസഫ് പെരുന്തോട്ടം ആമുഖപ്രഭാഷണം നടത്തി. നിയുക്ത കർദിനാൾ മാർ ജോർജ് കൂവക്കാട് വിശിഷ്ടാതിഥിയായിരുന്നു. ‘കാളാശേരി പിതാവിൻ്റെ വിദ്യാഭ്യാസദർശനം: കാലികപ്രസക്തി’ എന്ന വിഷയത്തെ ആസ്പദമാക്കി എം.ജി.യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് അവതരണം നടത്തി. തുടർന്ന് ‘സമുദായ ശക്തീകരണം: കാളാശേരി പിതാവ് ഒരു കാലിക വായന’ എന്ന വിഷയത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ മോൺ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പ്രബന്ധം അവതരിപ്പിച്ചു.

ഫാ. ഡോ. തോമസ് കറുകക്കളം മോഡറേറ്റർ ആയിരുന്നു. മോൺ. ജയിംസ് പാലയ്ക്കൽ, ഫാ. സെബാസ്റ്റ്യൻ കാളാശേരി, ഫാ.ജോർജ് കാളാശേരി ഫാ. ജയിംസ് കൊക്കാവയലിൽ, അസംപ്ഷൻ കോളേജ് പ്രിൻസിപ്പാൾ ഫാ. തോമസ് പാറത്തറ, ശ്രീ. ബിനു വെളിയനാടൻ, എംസിബിഎസ് പ്രൊവിൻഷ്യൽ സുപ്പീരിയർ വെരി.റവ.ഡോ. ജോസഫ് ചൊവ്വേലിക്കുടിയിൽ, എംസിബിഎസ് സന്യാസസമൂഹ പ്രതിനിധി ഫാ. ഡോ. തോമസ് കൊട്ടൂപ്പള്ളിൽ, മിഷൻലീഗ് പ്രതിനിധി ശ്രീ. സണ്ണി കോയിപ്പള്ളിൽ, കത്തോലിക്കാ കോൺഗ്രസ് പ്രതിനിധി ശ്രീ, ബിജു സെബാസ്റ്റ്യൻ, ജാഗ്രതാസമിതി പ്രതിനിധി ശ്രീ. ആൻ്റണി ആറിൽചിറ തുടങ്ങിയവർ പ്രസംഗിച്ചു. പൊതുചർച്ചയും ഉണ്ടായിരുന്നു. സ്നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു. വൈദികർ, സന്യസ്തർ, സെമിനാരി വിദ്യാർത്ഥികൾ, അധ്യാപകപ്രതിനിധികൾ, കത്തോലിക്കാ കോൺഗ്രസ് പ്രതിനിധികൾ, കാളാശേരി പിതാവ് ആരംഭിച്ച വിവിധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.