![st.po](https://i0.wp.com/www.lifeday.in/wp-content/uploads/2024/12/st.po_.jpeg?resize=696%2C435&ssl=1)
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും സുവിശേഷത്തെപ്രതി പീഢിപ്പിക്കപ്പെടുന്നവർ ഇന്നും നിരവധിയാണെന്നും ചിലപ്പോൾ അവർ വധിക്കപ്പെടുകപോലും ചെയ്യുന്നുണ്ടെന്നും ഫ്രാൻസിസ് പാപ്പ. ആദ്യത്തെ ക്രൈസ്തവ രക്തസാക്ഷിയും തന്റെ ഘാതകരുടെമേൽ കുറ്റം ആരോപിക്കരുതേയെന്ന് മരണവേളയിൽ കർത്താവിനോടു പ്രാർഥിച്ചവനുമായ വി. സ്റ്റീഫന്റെ തിരുനാൾദിനത്തിലാണ് ഫ്രാൻസിസ് പാപ്പ ഇപ്രകാരം പറഞ്ഞത്.
മരണസമയത്ത് വി. സ്റ്റീഫൻ നടത്തുന്ന പ്രാർഥന ചിന്തോദ്ദീപകമാണെന്നും വാസ്തവത്തിൽ, ഒറ്റനോട്ടത്തിൽ സ്റ്റീഫൻ നിസ്സഹായനായി അക്രമത്തിനു വിധേയനാണെന്ന പ്രതീതിയാണ് ഉളവാക്കുന്നതെങ്കിലും യഥാർഥത്തിൽ, ഒരു യഥാർഥ സ്വതന്ത്രമനുഷ്യൻ എന്ന നിലയിൽ അവൻ – യേശു – കുരിശിൽ ചെയ്തതുപോലെ, തന്റെ കൊലയാളികളെപ്പോലും സ്നേഹിക്കുകയും അവർക്കുവേണ്ടി തന്റെ ജീവൻ നൽകുകയും ചെയ്യുന്നുവെന്നും അത് അവർ അനുതപിക്കുന്നതിനും അങ്ങനെ ഒരിക്കൽ പൊറുക്കപ്പെട്ടാൽ അവർക്ക് നിത്യജീവൻ സമ്മാനമായി ലഭിക്കുന്നതിനും വേണ്ടിയാണെന്നും പാപ്പ പറഞ്ഞു.
ഇപ്രകാരം സ്റ്റീഫൻ നമ്മുടെ മുന്നിൽ ‘എല്ലാവരും രക്ഷപെടണം’ (1 തിമോ. 2.4), ആരും നശിച്ചുപോകരുത് (യോഹ. 6:39, 17:1-26 കാണുക) എന്ന ഒരേയൊരു വലിയ ആഗ്രഹമുള്ള ദൈവത്തിന്റെ സാക്ഷിയായി പ്രത്യക്ഷപ്പെടുന്നുവെന്നും പാപ്പ പ്രസ്താവിച്ചു. തന്റെ മക്കൾക്ക് ആരെയും ഒഴിവാക്കാതെ എല്ലാവർക്കും, എപ്പോഴും നന്മ മാത്രം ആഗ്രഹിക്കുന്ന ആ പിതാവിന്റെ സാക്ഷിയാണ് വി. സ്റ്റീഫൻ എന്ന് പാപ്പ ഉദ്ബോധിപ്പിച്ചു.
വിശ്വാസത്തെപ്രതി മരണം വരെ പീഢിപ്പിക്കപ്പെടുന്നവർ ബലഹീനതയാലോ, ഒരു പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാനോ അല്ല തങ്ങൾ വധിക്കപ്പെടുന്നതിന് സ്വയം വിട്ടുകൊടുക്കുന്നത്. മറിച്ച്, കർത്താവായ യേശുക്രിസ്തുവിൽനിന്ന് തങ്ങൾക്കു ലഭിച്ച രക്ഷാദാനത്തിൽ എല്ലാവരെയും പങ്കാളികളാക്കാനാണെന്നും അവർ ഇത് ചെയ്യുന്നത് പ്രഥമതഃ തങ്ങളുടെ കൊലയാളികളുടെ നന്മയ്ക്കുവേണ്ടിയാണെന്നും പാപ്പ വിശദീകരിച്ചു. ഇതാണ് ദൈവസ്നേഹമെന്നും ലോകത്തെ രക്ഷിക്കുന്ന ഈ സ്നേഹം നമുക്ക് എത്രമാത്രം ആവശ്യമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
കടപ്പാട്: വത്തിക്കാൻ ന്യൂസ്