നൈജീരിയയിലും എത്യോപ്യയിലും പോഷകാഹാരക്കുറവുള്ള പത്തുലക്ഷം കുട്ടികൾക്ക് സഹായം നഷ്ടമാകും: യുണിസെഫ്

എത്യോപ്യയിലും നൈജീരിയയിലും രൂക്ഷമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുണ്ടെന്ന് യുണിസെഫ്. ട്രംപ് ഭരണകൂടം വിദേശസഹായം വെട്ടിക്കുറച്ചതിനെത്തുടർന്ന് രൂക്ഷമായ ഫണ്ടിന്റെ അഭാവം ഇവിടെ ബാധിക്കുന്നുണ്ട്. മാത്രമല്ല, ഇവർക്ക് ആവശ്യമായ പോഷകാഹാരത്തിന്റെ വിതരണം അടുത്ത രണ്ടുമാസത്തിനുള്ളിൽ അവസാനിക്കുമെന്നും ഐക്യരാഷ്ട്ര സഭയുടെ കുട്ടികൾക്കായുള്ള ഏജൻസി അറിയിച്ചു.

എത്യോപ്യയിലും നൈജീരിയയിലും ഈ വർഷം അഞ്ചുവയസ്സിനു താഴെയുള്ള ഏകദേശം 1.3 ദശലക്ഷം കുട്ടികളെ ഇത്തരത്തിൽ പോഷകാഹാരക്കുറവ് ബാധിച്ചിട്ടുണ്ട്. യഥാക്രമം പോഷകാഹാരം ലഭ്യമായില്ലെങ്കിൽ കുട്ടികളെ രക്ഷിക്കാനാകില്ലെന്നും യുണിസെഫ് മുന്നറിയിപ്പ് നൽകുന്നു.

പുതിയ ധനസഹായം ലഭിച്ചില്ലെങ്കിൽ മെയ് മാസത്തോടെ റെഡി-ടു-യൂസ്-തെറാപ്പിറ്റിക്-ഫുഡ് വിതരണശൃംഖല അവസാനിക്കും. അതോടെ എത്യോപ്യയിലെ ഇത്തരത്തിലുള്ള ചികിത്സയെ ആശ്രയിക്കുന്ന 70,000 കുട്ടികൾക്ക് സേവനം നൽകാൻ കഴിയാതെവരുമെന്ന് യുണിസെഫിന്റെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ കിറ്റി വാൻ ഡെർ പറഞ്ഞു. തുടർച്ചയായ ചികിത്സ തടസ്സപ്പെടുന്നത് ജീവന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൈജീരിയയിൽ ഈ മാസം അവസാനത്തോടെ പോഷകാഹാരക്കുറവുള്ള 80,000 കുട്ടികൾക്കു ഭക്ഷണം നൽകാനുള്ള സാധനങ്ങൾ തീരുമെന്നും ഏജൻസി പറയുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.