സ്ത്രീകളുടെയും പെൺകുട്ടികളുടെയും സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി നൊബേൽ ജേതാവ് മലാല യൂസഫ്‌സായ്. ഇസ്ലാമിക രാജ്യങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പാക്കിസ്ഥാൻ സംഘടിപ്പിച്ച ഒരു അന്താരാഷ്ട്ര ഉച്ചകോടിയിൽ സംസാരിക്കവെയാണ് മലാല താലിബാനെ അതിരൂക്ഷമായി വിമർശിച്ചത്.
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സ്ത്രീകളെ മനുഷ്യരായി കാണുന്നില്ല. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെയും പെൺകുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള അവരുടെ അടിച്ചമർത്തൽ നയങ്ങളെയും വെല്ലുവിളിക്കാനും രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാനും മലാല യൂസഫ്‌സായ് മുസ്ലീം നേതാക്കളോട് അഭ്യർഥിച്ചു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസവും ജോലിയും തടയുന്നതുൾപ്പെടെയുള്ള താലിബാന്റെ നയങ്ങളിൽ ഇസ്ലാമികമായി ഒന്നുമില്ല എന്നും മലാല പറഞ്ഞു.
“താലിബാൻ സർക്കാർ വീണ്ടും ലിംഗാധിഷ്ഠിത വിവേചനം സൃഷ്ടിച്ചു. തങ്ങളുടെ യുക്തിരഹിതവും അവ്യക്തവുമായ നിയമങ്ങൾ ലംഘിക്കാൻ ധൈര്യപ്പെടുന്ന സ്ത്രീകളെയും പെൺകുട്ടികളെയും മർദിച്ചും തടങ്കലിൽവച്ചും ഉപദ്രവിച്ചും താലിബാൻ ശിക്ഷിക്കുകയാണ്. സർക്കാർ അവരുടെ കുറ്റകൃത്യങ്ങളെ സാംസ്കാരികവും മതപരവുമായ കാരണങ്ങൾ നിരത്തി ന്യായീകരിക്കുകയാണ്” – മലാല കുറ്റപ്പെടുത്തി.
അതേസമയം മലാലയുടെ പരാമർശങ്ങളിൽ പ്രതികരിക്കാൻ താലിബാൻ സർക്കാർ വിസമ്മതിച്ചു. പാക്കിസ്ഥാൻ സംഘടിപ്പിച്ച ഉച്ചകോടിയിലേക്ക് താലിബാൻ നേതാക്കൾക്ക് ക്ഷണമുണ്ടായിരുന്നുവെങ്കിലും അവർ പങ്കെടുത്തില്ല.
15 വയസ്സുള്ളപ്പോൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിച്ചതിന് പാക്കിസ്ഥാനിലെ താലിബാൻ അനുഭാവി മലാലയെ ആക്രമിച്ചിരുന്നു. അന്ന് തലയ്ക്ക് വെടിയേറ്റ മലാലയെ സ്വന്തം രാജ്യമായ പാക്കിസ്ഥാനിൽ നിന്നും രക്ഷപെട്ടിരുന്നു. ഇന്നവർക്ക് 27 വയസ്സുണ്ട്. 2012 ലെ ആക്രമണത്തിനുശേഷം ചുരുക്കം ചില തവണ മാത്രമേ മലാല പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുള്ളൂ. സ്വന്തം നാട്ടിൽ തിരിച്ചെത്തിയതിൽ താൻ സന്തോഷവതിയാണെന്നായിരുന്നു മലാലയുടെ പ്രതികരണം.