ഫ്രാൻസിസ് മാർപാപ്പ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പങ്കെടുക്കുന്ന പ്രധാന പൊതുപരിപാടികൾ സംബന്ധിച്ച കലണ്ടർ വത്തിക്കാൻ പുറത്തിറക്കി. ജനുവരി എട്ടിനാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ പ്രസ് ഓഫീസ് പ്രസിദ്ധീകരിച്ചത്.
വി.പൗലോസിന്റെ മാനസാന്തരത്തിന്റെ തിരുനാൾ ദിനമായ ജനുവരി 25 ന് വൈകുന്നേരം 5:30 ന് (റോം സമയം) സെന്റ് പോൾ ബസിലിക്കയിൽ ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാർഥനകൾക്ക് പരിശുദ്ധ പിതാവ് നേതൃത്വം നൽകും. ജനുവരി 26 ന് ദൈവവചനത്തിന്റെ ഞായറാഴ്ച, ലോകമെമ്പാടുമുള്ള പത്രപ്രവർത്തകരെയും വിദഗ്ദ്ധരെയും ഒരുമിച്ചുകൊണ്ടുവരുന്ന ആശയവിനിമയ ജൂബിലിയുടെ ഭാഗമായി രാവിലെ 9:30 ന് ഫ്രാൻസിസ് പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ദിവ്യബലി അർപ്പിക്കും.
ഈശോയെ ദൈവാലയത്തിൽ കാഴ്ചവയ്ക്കുന്ന തിരുനാളായ ഫെബ്രുവരി ഒന്നിന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് (റോം സമയം) വത്തിക്കാൻ ബസിലിക്കയിൽ നടക്കുന്ന സായാഹ്‌നപ്രാർഥനയിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കും. ഫെബ്രുവരി ഒമ്പത് ഞായറാഴ്ച രാവിലെ 10:30 ന് (റോം സമയം) വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ സായുധ സേന, പൊലീസ്, സുരക്ഷാ സേന എന്നിവയുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മാർപാപ്പ ദിവ്യബലി അർപ്പിക്കും.