‘ലൂച്ചേ’ – വത്തിക്കാനിലെ 2025 ജൂബിലിക്കായുള്ള കാർട്ടൂൺ കഥാപാത്രം

കത്തോലിക്ക സഭയുടെ വരാനിരിക്കുന്ന ജൂബിലി വർഷത്തിന്റെ സന്തോഷകരമായ മുഖമായി വത്തിക്കാൻ ‘ലൂച്ചേ’ എന്ന കാർട്ടൂൺ കഥാപാത്രത്തെ അനാച്ഛാദനം ചെയ്തു. ഇറ്റാലിയൻ ഭാഷയിൽ ‘വെളിച്ചം’ എന്ന് അർഥം വരുന്ന ലൂച്ചേ എന്നു പേരിട്ടിരിക്കുന്ന ചിഹ്നം, കുട്ടികളെ ആകർഷിക്കാനും വിശുദ്ധ വർഷത്തിൽ സന്ദർശകരെ നയിക്കാനുമുള്ളതാണ്.

നമ്മുടെ യുവജനങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്ന ‘പോപ്പ് സംസ്കാരവുമായി’ ഇടപഴകുക എന്ന വത്തിക്കാന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് വത്തിക്കാനിലെ ജൂബിലിയുടെ മുഖ്യസംഘാടകനായ ആർച്ച്ബിഷപ്പ് റിനോ ഫിസിചെല്ല ഈ ചിഹ്നത്തെ വിശേഷിപ്പിച്ചത്. കോമിക്‌സ്, വീഡിയോ ഗെയിമുകൾ, ഫാന്റെസി എന്നിവയ്‌ക്കായുള്ള പ്രസിദ്ധമായ ഇറ്റാലിയൻ കൺവൻഷനായ ലൂക്കാ കോമിക്‌സ് ആൻഡ് ഗെയിംസിൽ ഈ ആഴ്ച കാർട്ടൂൺ കഥാപാത്രം അരങ്ങേറുമ്പോൾ വത്തിക്കാനിലെ സുവിശേഷവൽക്കരണ ഡിക്കാസ്റ്ററിയും അതിൽ പങ്കെടുക്കും.

ഇതാദ്യമായാണ് ഒരു വത്തിക്കാൻ ഡിക്കാസ്റ്ററി കോമിക്സ് കോൺഫറൻസിൽ പങ്കെടുക്കുന്നത്. ഡിക്കാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷന്റെ പുതിയ വിഭാഗത്തിന്റെ പ്രോ-പ്രീഫെക്റ്റായ ആർച്ച്ബിഷപ്പ് ഫിസിചെല്ല, കോൺഫറൻസിലെ തന്റെ പങ്കാളിത്തം “പ്രതീക്ഷയുടെ പ്രമേയത്തെക്കുറിച്ച് യുവതലമുറയോടു സംസാരിക്കാൻ ഞങ്ങളെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് എന്നത്തെക്കാളും സുവിശേഷത്തിലേക്കു കേന്ദ്രീകൃതമാണ്” എന്ന് പറഞ്ഞു.

മഞ്ഞ റെയിൻകോട്ടും ചെളിപുരണ്ട ബൂട്ടും തീർഥാടക കുരിശും ധരിച്ച ലൂച്ചേ, തന്റെ വിശ്വസ്തനായ സാന്റിനോയ്‌ക്കൊപ്പം യുവതീർഥാടകരെ പ്രതീക്ഷയിലേക്കും വിശ്വാസത്തിലേക്കും നയിക്കുമെന്നു പ്രതീക്ഷിക്കുന്നു. 2026 ജനുവരി ആറിനാണ് വിശുദ്ധവർഷം അവസാനിക്കുന്നത്. 2024 ക്രിസ്തുമസ് രാവിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധവാതിൽ തുറക്കുന്നതോടെ ജൂബിലി വർഷത്തിന്റെ ആത്മീയാഘോഷം ആരംഭിക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.