സ്‌നേഹത്തിന് ബുദ്ധിയേക്കാൾ വിലയുണ്ട്’: ഫ്രാൻസിസ് പാപ്പ

സ്‌നേഹത്തിന് ബുദ്ധിയേക്കാൾ വിലയുണ്ടെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. ഫെബ്രുവരി 10-11 തീയതികളിൽ പാരീസിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിയിൽ പങ്കെടുത്ത നേതാക്കൾക്കുള്ള സന്ദേശത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം ഓർമ്മിപ്പിച്ചത്.

സാങ്കേതിക കണ്ടുപിടിത്തങ്ങൾ ആത്യന്തികമായി മനുഷ്യരാശിയെ സേവിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണെന്ന തന്റെ നിലപാട് ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചു. “പാരീസ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന എല്ലാവരോടും ഞാൻ അഭ്യർഥിക്കുന്നു. മനുഷ്യന്റെ ‘ഹൃദയത്തിന്’ മാത്രമേ നമ്മുടെ അസ്തിത്വത്തിന്റെ അർഥം വെളിപ്പെടുത്താൻ കഴിയൂ എന്നത് മറക്കരുത്.” പാപ്പ വെളിപ്പെടുത്തി. തങ്ങളുടെ പ്രവർത്തനത്തിലൂടെ മാനവികതയെ പ്രതിരോധിക്കാനുള്ള ധൈര്യവും നിശ്ചയദാർഢ്യവും ഉണ്ടായിരിക്കണമെന്ന് ഉച്ചകോടിയിൽ പങ്കെടുത്തവരോട് പാപ്പ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

“എ.ഐ- ക്ക് ശരിയായ മാനുഷിക നിയന്ത്രണം നൽകിയില്ലങ്കിൽ മനുഷ്യന്റെ അന്തസ്സിനു ഭീഷണി ഉയർത്തിക്കൊണ്ട് അതിന്റെ ഏറ്റവും ‘ഭീകരമായ’ വശം വെളിപ്പെടുത്തുവാൻ കഴിയും” മാർപാപ്പ കൂട്ടിച്ചേർത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എ ഐ ആക്ഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.