യേശുവിന്റെ തിരുഹൃദയത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്ന ജൂൺ മാസത്തിന്റെ പ്രത്യേകതകൾ എടുത്തുപറഞ്ഞുകൊണ്ടും യേശുവിന്റെ തിരുഹൃദയഭക്തി കൂടുതൽ പ്രചാരത്തിലാക്കാൻ താൻ തയ്യാറാക്കുന്ന പുതിയ രേഖയെപ്പറ്റി സൂചിപ്പിച്ചുകൊണ്ടും മെയ് മാസം അഞ്ചാം തീയതി നടത്തിയ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പ സംസാരിച്ചു.
വി. മർഗരറ്റ് അലക്കോക്കിന് യേശുവിന്റെ തിരുഹൃദയ ദർശനം നല്കപ്പെട്ടതിന്റെ 350-ാം വാർഷികം കഴിഞ്ഞ വർഷം ഡിസംബർ 27-നാണ് ആഘോഷിച്ചത്. തുടർന്ന്, അടുത്ത ജൂൺ മാസം 27 വരെ നീണ്ടുനിൽക്കുന്ന ഭക്താനുഷ്ഠാനങ്ങളുടെ പ്രാധാന്യവും പാപ്പ ഓർമ്മിപ്പിച്ചു.
യേശുവിന്റെ തിരുഹൃദയഭക്തി ഏറെ പ്രാധാന്യത്തോടെ പങ്കുവയ്ക്കപ്പെടുന്ന ഈ അവസരത്തിൽ, മുൻകാലത്തിലെ പഠനരേഖകളുടെയും തിരുവചനഭാഗങ്ങളുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തിൽ താൻ ഒരു പുതിയ രേഖ തയ്യാറാക്കുന്നുവെന്ന സന്തോഷകരമായ വാർത്തയും പാപ്പ പങ്കുവച്ചു. ഈ പുതിയ രേഖ തിരുഹൃദയഭക്തിയുടെ ആത്മീയസൗന്ദര്യം ആസ്വദിക്കാൻ എല്ലാവരെയും സഹായിക്കുമെന്നും പാപ്പാ പറഞ്ഞു.
ദൈവസ്നേഹത്തിന്റെ വിവിധ തലങ്ങൾ ധ്യാനിക്കുന്നതിനും അനുഭവിക്കുന്നതിനും സഭാനവീകരണത്തിന്റെ പാതയെ പ്രകാശിപ്പിക്കുന്നതിനും തിരുഹൃദയഭക്തി സഹായകരമാകുമെന്നും പാപ്പ കൂട്ടിച്ചേർത്തു. ഹൃദയം നഷ്ടപ്പെട്ട ഒരു ലോകത്ത് അർഥവത്തായ സന്ദേശം നൽകാൻ ഈ ഭക്താഭ്യാസം ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും പാപ്പ പറഞ്ഞു. അടുത്ത സെപ്റ്റംബർ മാസത്തിലാണ് ഫ്രാൻസിസ് പാപ്പയുടെ പുതിയ രേഖ പ്രസിദ്ധീകരിക്കപ്പെടുന്നത്. തയ്യാറെടുപ്പിന്റെ ഈ കാലഘട്ടത്തിൽ തനിക്കുവേണ്ടി പ്രാർഥിക്കണമെന്ന അഭ്യർഥനയും പാപ്പാ നടത്തി.