നോമ്പുവിചാരങ്ങൾ 29: കുരിശിൻചുവട്ടിലെ പുതിയ ഉത്തരവാദിത്വങ്ങൾ

സി. റെറ്റി എഫ്. സി. സി.

“സ്ത്രീയേ, ഇതാ നിന്റെ മകൻ; ഇതാ നിന്റെ അമ്മ” (യോഹ. 19: 26-27). കുരിശിൽ നിന്നുള്ള ആദ്യമൊഴിയിൽ ഈശോ തന്റെ ശത്രുക്കൾക്കുവേണ്ടി പ്രാർഥിക്കുകയും അവരോട് ക്ഷമിക്കുകയും ചെയ്യുന്നത് നാം കാണുന്നു. മൂന്നാമത്തെ മൊഴിയിൽ, അവൻ തന്റെ ശിഷ്യന്മാർക്കും പ്രിയപ്പെട്ടവർക്കും വേണ്ടി പ്രാർഥിക്കുകയോ, മാധ്യസ്ഥ്യം വഹിക്കുകയോ ചെയ്യുന്നില്ല. പകരം, അവൻ അവർക്ക് പുതിയ ദൗത്യങ്ങൾ നൽകുന്നു.

വി. യോഹന്നാന്റെ സുവിശേഷത്തിൽ നാം ഇപ്രകാരം വായിക്കുന്നു: “യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേന മറിയവും നിൽക്കുന്നുണ്ടായിരുന്നു” (19:25). മരുഭൂമിയിലെ പിതാക്കന്മാരിലൊരാളായ യൂത്തീമിയൂസ് ഇപ്രകാരം പഠിപ്പിക്കുന്നു: “മറ്റു സ്ത്രീകൾക്കൊപ്പം ദൂരെ നിന്നിരുന്ന പരിശുദ്ധ അമ്മ, പുത്രൻ കുരിശിൽ മരിക്കുന്നതുകണ്ട് എല്ലാ ഭീതിയും അതിജീവിച്ച് കുരിശിനരികിലേക്കു വന്നു.” ഒരു ചരിത്രകാരൻ ഇങ്ങനെ പറയുന്നു: “ദൂരെനിന്നും അവനെ വീക്ഷിച്ചുകൊണ്ടിരുന്ന സുഹൃത്തുക്കൾ ഉണ്ടായിരുന്നു. എന്നാൽ പരിശുദ്ധ കന്യകാമറിയവും മഗ്‌ദലേനയും വേറൊരു മറിയവും അവന്റെ കുരിശിനോട് ചേർന്നുനിന്നിരുന്നു. അമ്മയും ശിഷ്യനും കുരിശിനരികെ നിൽക്കുന്നതു കണ്ടപ്പോഴാണ് മുകളിൽ ഉദ്ധരിച്ച തിരുമൊഴികൾ ഈശോ അരുളിച്ചെയ്യുന്നത്. മരണത്തിന്റെ ഭീകരതയിലും അമ്മ മകനെ ഉപേക്ഷിക്കുകയില്ല. മക്കൾ മരിക്കുന്നതു കാണുമ്പോൾ മറ്റു ചില അമ്മമാർ ഓടിപ്പോകുന്നു. മക്കളുടെ മരണം കാണാൻ അവർക്കു ശക്തിയില്ലല്ലോ. എന്നാൽ പരിശുദ്ധ അമ്മ, പുത്രൻ എത്രത്തോളം മരണത്തോടടുത്തുവോ അത്രത്തോളം കുരിശിനോടു ചേർന്നുനിന്നു.”

പുത്രൻ ജീവൻ ബലിയായി അർപ്പിച്ചപ്പോൾ പീഡിതയായ അമ്മ തന്റെ പ്രാണവേദനകളെല്ലാം പുത്രന്റെ സഹനങ്ങളോടുചേർത്ത് മനുഷ്യരക്ഷയ്ക്കായി കാഴ്‌ചവച്ചു. പരിശുദ്ധ മറിയം കുരിശിന്റെ ചുവട്ടിൽ ബോധംകെട്ടു വീഴുകയോ, കരയുകയോ ചെയ്യാത്ത ശക്തയായ ഒരു സ്ത്രീയായിരുന്നു. വി. അംബ്രോസ് എഴുതുന്നു: “രോദനമല്ല, സഹനമാണ് ഞാൻ മറിയത്തിൽ വായിക്കുന്നത്.” പുത്രന്റെ പീഡാനുഭവങ്ങളിൽ മാതാവ് അനുഭവിച്ച വേദന എല്ലാ വേദനകളെയും അതിശയിക്കുന്നതായിരുന്നു. എന്നിരുന്നാലും മാതാവിന്റെ ദുഃഖം വ്യർഥമായിരുന്നില്ല; അത് സഫലമായിരുന്നു. അവളുടെ സഹനങ്ങളുടെ യോഗ്യത കൊണ്ട് ഈശോയുടെ അമ്മ അവന്റെ മൗതികശരീരത്തിലെ അംഗങ്ങളായ നമ്മുടെയെല്ലാം അമ്മയായി ഭവിക്കുന്നു. നമ്മെ വിശുദ്ധ സഭയുടെ മക്കളാക്കി നിലനിർത്തുന്നതിൽ പരിശുദ്ധ അമ്മയുടെ മാതൃത്വഭാവത്തിന് സവിശേഷമായ പങ്കുണ്ട്

കുരിശിൽ പ്രാണൻ വെടിയുന്നതിനു മുൻപ് തന്റെ പ്രിയപ്പെട്ടവരെ ഈശോ വലിയ ദൗത്യം ഭരമേൽപിക്കുന്നു. അമ്മയെ പ്രിയശിഷ്യനും പ്രിയശിഷ്യനെ അമ്മയ്ക്കും എൽപിച്ചുകൊടുക്കുന്നു. അതുവഴി ഈശോ തന്റെ അമ്മയോടും പ്രിയപ്പെട്ട ശിഷ്യനോടും മാത്രമല്ല സംസാരിച്ചതെന്ന് നമുക്ക് സങ്കൽപിക്കാം. അവൻ നമ്മളോടുമെല്ലാം സംസാരിക്കുകയായിരുന്നു. ഇത് നമ്മെ അഭിമാനമുള്ളവരും കൂടുതൽ വിനയമുള്ളവരും ഉത്തരവാദിത്വമുള്ളവവരും ആക്കുന്നു.

അതിപുരാതനമായ ഒരു പാരമ്പര്യം അനുസരിച്ച്, വി. യോഹന്നാൻ ഒരു ബ്രഹ്മചാരി ആയിരുന്നുവെന്നാണ്. ഇക്കാരണം കൊണ്ടു തന്നെയാവണം മറിയത്തിന് ഒരു മകനായി ഈശോ യോഹന്നാനെ ഏൽപിച്ചുകൊടുക്കുന്നത്. സ്വസ്ഥാനം നനൽകി ഈശോ യോഹന്നാനെ ആദരിച്ചു. “ബ്രഹ്മചാരിക്ക് കന്യകാമാതാവിനെ ഏൽപിച്ചുകൊടുത്തു” എന്ന് വിശുദ്ധ സഭ പ്രാർഥിച്ചു പറയുന്നത് അതുകൊണ്ടാണ്. “അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു” എന്ന് സുവിശേഷകനും സാക്ഷ്യപ്പെടുത്തുന്നു.

ഈശോ അവസാനം നമുക്ക് നൽകിയ ഒരു സമ്മാനം മാത്രമല്ല പരിശുദ്ധ മറിയം; അവൾ നമുക്ക് ഒരു വെല്ലുവിളിയും പ്രചോദനവുമാണ്. നമ്മുടെ സ്വന്തം വഴികളിൽ ഈശോയെ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുക. ഈശോ എപ്പോഴും വലിയ മഹത്തായ കാര്യങ്ങൾ നമ്മളിൽ നിന്ന് ആവശ്യപ്പെടുന്നില്ല, മറിച്ച് ഏൽപിച്ച ചെറിയ കാര്യങ്ങൾ വിശ്വസ്തയോടെ നിർവഹിക്കാൻ തന്റെ അമ്മയെ അവൻ മാതൃകയാക്കി നമുക്കു തന്നിരിക്കുന്നു.

പ്രാർഥിക്കാം

“ഈശോയേ, എന്നെ ഔദാര്യത്തിന്റെയും സ്നേഹത്തിന്റെയും ശാന്തതയുടെയും ഒരു ഉപകരണമാക്കി മാറ്റണമേ. എന്റെ പ്രവൃത്തികൾ എപ്പോഴും കുരിശിൻചുവട്ടിലെ അമ്മയെപ്പോലെ നിന്റെ സാന്നിധ്യം വെളിപ്പെടുത്തട്ടെ. ആമ്മേൻ.”

സി. റെറ്റി ജോസ് FCC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.