രാജ്യത്ത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽനിന്ന് ഹിസ്ബുള്ളയെ തടയണമെന്ന് ക്രിസ്ത്യൻ ലെബനീസ് ഫോഴ്സസ് പാർട്ടിയിലെ ഒരു അംഗം പാർലമെന്റിൽ ആവശ്യപ്പെട്ടതായി തിങ്കളാഴ്ച കാൻ റിപ്പോർട്ട് ചെയ്തു.
“ലെബനനിലെ ഔദ്യോഗിക ഏജൻസികളുടെ നിരീക്ഷണത്തിൻകീഴിൽ ഹിസ്ബുള്ള, തുരങ്കങ്ങളും തടസ്സങ്ങളും നിർമ്മിച്ചിട്ടുണ്ട്. നിങ്ങളുടെ നയങ്ങൾ, നിങ്ങളുടെ തന്ത്രം, ചെറുത്തുനിൽപ്പ്, ഇറാനുമായുള്ള സഖ്യം എന്നിവ ലെബനനിൽ ദുരന്തം കൊണ്ടുവരുന്നു. അതിനാൽ ഇവയൊക്കെ നിർത്താൻ ഹിസ്ബുള്ളയോടു പറയുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്” – ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കാൻ പറഞ്ഞു.
“ലെബനന്റെ സൈന്യം അതിർത്തിയിൽ ഉണ്ടായിരുന്നെങ്കിൽ ഇസ്രായേൽ ലെബനോനെ ആക്രമിക്കുകയില്ലായിരുന്നു” – പാർട്ടിയുടെ നേതാവ് സമീർ ഗീജിയയെ ഉദ്ധരിച്ച് സൗദി സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഔട്ട്ലെറ്റ് അൽ അറബിയ വെളിപ്പെടുത്തി.
“ഭരണകൂടത്തിനു ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യാതെ ഹിസ്ബുള്ളയ്ക്ക് അനുകൂലമായി നിൽക്കുന്ന ഭരണകൂടം ഇനി സ്വീകാര്യമല്ല. യുദ്ധത്തെയും സമാധാനത്തെയുംകുറിച്ചുള്ള ഹിസ്ബുള്ളയുടെ തീരുമാനങ്ങൾ നമ്മെ എവിടേക്കാണ് കൊണ്ടുപോയതെന്ന് നമ്മൾ കണ്ടു. സെപ്റ്റംബറിൽ ബെയ്റൂട്ടിൽ ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്റള്ളയെ ഇസ്രായേൽ ഉന്മൂലനം ചെയ്തതിനെത്തുടർന്ന് ലെബനനുവേണ്ടി തീരുമാനമെടുക്കുക എന്ന ഉത്തരവാദിത്വം ഇറാന്റെ കൈകളിലും ഇറാനിയൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഹിസ്ബുള്ള പോരാളികളുടെ കൈകളിലുമെത്തി” എന്ന് ഒക്ടോബറിൽ, ഗീജിയ തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു.
സാഹചര്യം പരിഹരിക്കുന്നതിന്, ലെബനൻ സർക്കാർ തെക്കൻ ലെബനനിലേക്ക് സൈന്യത്തെ അയയ്ക്കണമെന്നും അതിനുശേഷം 1701-ാം പ്രമേയം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിസ്ബുള്ളയോട് ഏറ്റുമുട്ടാൻ ലെബനീസ് സൈന്യത്തോട് ആവശ്യപ്പെടുകയല്ല, മറിച്ച് ഹിസ്ബുള്ളയ്‌ക്കെതിരായുള്ള പ്രവർത്തനം എവിടെനിന്നെങ്കിലും ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.