വിശുദ്ധനാട്ടിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആദ്യം ചെയ്യേണ്ടത് വെടിനിർത്തൽ കരാറിലേക്ക് ഇസ്രയേലും ഹമാസും എത്തുക എന്നതാണെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് കർദിനാൾ പിയർബറ്റിസ്റ്റ പിസബല്ല. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
“യഥാർഥവും ശാശ്വതവുമായ ഒരു സമാധാനം സ്ഥാപിച്ചെടുക്കാൻ വളരെ കാലമെടുക്കും. കൂടാതെ, ഒരു കരാറിലെത്താൻ ഇരുപക്ഷത്തിനും ആവശ്യമായ രാഷ്ട്രീയകാഴ്ചപ്പാടുകൾ ഇനിയും കെട്ടിപ്പടുക്കേണ്ടതുണ്ട്. അവ അല്പം ഉയർന്നതാണ്. കൂടുതൽ മോശമായിക്കൊണ്ടിരിക്കുന്ന സൈനിക – രാഷ്ട്രീയപശ്ചാത്തലത്തിന്റെ ഗൗരവത്തിലേക്ക് മതപരവും സാമൂഹികവുമായ പശ്ചാത്തലം കൂട്ടിച്ചേർക്കപ്പെടുന്നുണ്ട്” – കർദിനാൾ വ്യക്തമാക്കി.
അഭൂതപൂർവമായ ദുരന്തമാണ് പുണ്യഭൂമിയിൽ സംഭവിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇരുഭാഗത്തും ബന്ദികളായ ആളുകളുണ്ടെന്നും അവരുടെ മോചനം ഇരുപക്ഷവും തമ്മിലുള്ള നല്ല ഇച്ഛാശക്തിയുടെയും അടുപ്പത്തിന്റെയും സൂചനയായി മാറാമെന്നും കർദിനാൾ പിസബല്ല സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.